തിരുവനന്തപുരം: 80 ശതമാനം പണി പൂർത്തിയാക്കിയ വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കണം എന്ന തുറമുഖ വിരുദ്ധരുടെ ആവശ്യത്തോട് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലത്തീൻ സഭയുമായി സർക്കാരിന് ഊഷ്‌മളമായ ബന്ധമാണുള്ളത്. പുരോഹിത ശ്രേഷ്‌ഠരുമായി സർക്കാർ പല ഘട്ടങ്ങളിലും ആശയ വിനിമയവും നടത്താറുണ്ട്. എന്നാൽ, വിഴിഞ്ഞം സമരം ലത്തീൻ സഭയുടെ പൊതുനിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.
തുറമുഖ വിരുദ്ധ സമരത്തിനു പിന്നിൽ ചില ബാഹ്യ ശക്തികളുണ്ടോ എന്ന് സംശയമുണ്ട്. സമരത്തിൽ പങ്കെടുക്കുന്ന ചിലരുടെ സമീപനം സങ്കുചിത താത്പര്യത്തോടെ ആയിരുന്നു എന്നത് കാണാതിരുന്നുകൂടാ. പൊലിസ് സ്റ്റേഷൻ ആക്രമണം പൊടുന്നനേയുണ്ടായ സംഭവമല്ല. നിരവധി തവണ സമരക്കാർ പൊലീസിനെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.
'നിയമം കൈയിലെടുത്താല്‍ പൊലീസ് നിയന്ത്രിക്കും': വിഴിഞ്ഞം തുറമുഖ നിർമാണം തടസപ്പെടുത്തുകയില്ലെന്ന് സമരസമിതി കോടതിക്ക് നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടപ്പോഴാണ് കോടതി നിർദേശപ്രകാരം പൊലീസ് കോടതി അലക്ഷ്യത്തിന് കേസെടുത്തത്. ഇത്തരത്തിൽ കേസെടുക്കുമ്പോൾ സമരാഹ്വാനം നടത്തിയവർക്കുൾപ്പെടെ കേസെടുക്കേണ്ടി വരും. നിയമം ലംഘിക്കുന്നവരെ വ്യക്തി ഏതാണെന്ന് നോക്കി കേസിൽ നിന്നും ഒഴിവാക്കാനാവില്ല. സെക്രട്ടേറിയറ്റിന് മുന്‍പില്‍ ബോട്ട് കത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് സമരക്കാര്‍ കടലിലിട്ട് ബോട്ട് കത്തിച്ചത്.
ALSO READ| വിഴിഞ്ഞം സംഘർഷം; സർക്കാരും അദാനിയും തമ്മിൽ ഒത്തുകളിയെന്ന് പ്രതിപക്ഷ നേതാവ്
നിയമം കൈയിലെടുക്കുന്നത് പൊലീസിന് നിയന്ത്രിച്ചേ മതിയാവൂ. പ്രകോപന പ്രസംഗം മുതൽ കടലിലിട്ട് ബോട്ട് കത്തിക്കൽ വരെ നമ്മൾ കണ്ടു. പരീക്ഷ എഴുതാൻ പോയ വിദ്യാർഥികളേയും ആംബുലൻസിൽ പോയ ഗർഭിണികളേയും വരെ തുറമുഖ വിരുദ്ധർ തടഞ്ഞു. സമചിത്തതയുള്ള നിലപാട് എല്ലാവരും സ്വീകരിക്കണം.
തുറമുഖം പോലൊരു സ്ഥലത്ത് കേന്ദ്ര സേന വേണം എന്ന് കോടതിയിൽ ആവശ്യപ്പെട്ടത് അദാനിയാണ്. ഇതിനെ സംസ്ഥാന സർക്കാർ എതിർത്തില്ലെന്നേയുള്ളൂ. ഇതാണ് കേന്ദ്ര സേന വേണം എന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടുവെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നതെന്നും അടിയന്തര പ്രമേയ ചർച്ചയ്ക്ക് മറുപടിയായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.