തിരുവനന്തപുരം: ഡീസൽ വാഹനങ്ങൾ(Diesel Vehicles) ക്രമാനുഗതമായി ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(Pinarayi Vijayan). കെഎസ്ആർടിസിയുടെ(KSRTC) 60 ഇലക്ട്രിക് സ്‌മാർട്ട് ബസുകളുടെയും(Electric Smart Bus) സ്വിഫ്റ്റിന്‍റെ ഹൈബ്രിഡ് ഹൈടെക് ബസുകളുടെയും(Hybrid Hytech Bus) ഫ്ലാഗ് ഓഫ് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തുടർന്ന് കിള്ളിപ്പാലം മുതൽ സെക്രട്ടേറിയേറ്റ് വരെ മുഖ്യമന്ത്രിയും മന്ത്രിമാരായ ആന്‍റണി രാജു, വി ശിവൻകുട്ടി, ജി ആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ ബസിൽ യാത്ര ചെയ്‌തു.
പൊതുഗതാഗത മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കാണ് പദ്ധതി ലക്ഷ്യം വയ്‌ക്കുന്നത്. 104 കോടി മുതൽ മുടക്കിയാണ് 113 ബസുകൾ നിരത്തിലിറക്കുന്നത്. പദ്ധതിയുടെ ആദ്യ ഗഡുവായ നൂറുകോടി രൂപ കിഫ്ബി(KIFBI) വഴിയാണ് നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യോജിച്ചു കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വന്ദേഭാരത് ട്രെയിനിൽ ടിക്കറ്റ് കിട്ടാനില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഡീസൽ വാഹനങ്ങൾക്ക് പകരം ഹരിത വാഹനങ്ങൾ കൊണ്ടു വരുമെന്നും നഗരത്തിലെ ഗതാഗതം പരിസ്ഥിതി സൗഹൃദമാക്കാൻ കഴിയുമെന്നും അതിവേഗം നഗരവൽക്കരിക്കപെടുകയാണ് കേരളം, അതിന്‍റെ ഭാഗമായാണ് ഇലക്ട്രിക് ബസുകൾ കൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
സ്വിഫ്റ്റിൻ്റെ പുതിയ ഹൈബ്രിഡ് എസി സീറ്റർ കം സ്ലീപ്പർ ബസിൻ്റെ പ്രത്യേകതകൾ(Specialities Of Hybrid AC Come Seater Sleeper Bus): കാഫ് സപ്പോർട്ടുള്ള സെമി സ്ലീപ്പർ സീറ്റുകൾ, എല്ലാ സീറ്റുകളിലും മൊബൈൽ ചാർജിങ് പോർട്ടുകൾ, പിൻവശത്ത് രണ്ട് എമർജൻസി എക്‌സിറ്റ് വാതിലുകൾ, എല്ലാ സീറ്റിന് മുകളിലും റീഡിങ് ലൈറ്റുകൾ, അടിയന്തര സാഹചര്യങ്ങൾ ഡ്രൈവറെ അറിയിക്കാൻ പാനിക് ബട്ടൺ, നാല് സിസിടിവി കാമറകൾ, മ്യൂസിക് സിസ്‌റ്റം, 32 ഇഞ്ച് എൽഇഡി ടിവി തുടങ്ങിയവയാണ് ഹൈബ്രിഡ് ബസിന്‍റെ പ്രത്യേകതകൾ. ബസുകളുടെ ഫ്ലാഗ് ഓഫ് കൂടാതെ മാർഗദർശി, എന്‍റെ കെഎസ്ആർടിസി എന്നീ ആപ്പുകളുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.
പുതുതായി സർവീസ് ആരംഭിച്ച ഇലക്ട്രിക് ബസുകളുടെ റൂട്ടുകൾ അന്തിമമാക്കി. മൂന്ന് മാസം പരീക്ഷണ സർവീസ് നടത്തിയ ശേഷം ആവശ്യമെങ്കിൽ റൂട്ടിൽ ഭേദഗതി വരുത്തും. എട്ട് സർക്കുലർ സർവീസുകളും, 17 പോയിന്‍റ് ടു പോയിന്‍റ് സർവീസുകളുമാണ് ആദ്യഘട്ടത്തിൽ നടക്കുക.
മാത്രമല്ല ഓണത്തിരക്ക് പ്രമാണിച്ച് 27ാം തീയതി മുതൽ സെപ്റ്റംബർ മൂന്ന് രാത്രി 12 മണി വരെ റെഡ് ബസുകൾ സർവീസ് നടത്തും. അതേസമയം, ഹൈബ്രിഡ് ബസായ സീറ്റർ കം സ്ലീപ്പർ ബസ് ആദ്യ സർവീസിൽ തന്നെ യാത്രക്കാർ ഏറ്റെടുത്തുകഴിഞ്ഞു. ആദ്യദിനം എസി ബസ് ആലപ്പുഴ വഴി തൃശൂരിലേയ്‌ക്കും നോൺ എ സി ബസ് കോട്ടയം വഴി തൃശൂരിലേക്കുമാണ് സർവീസ് നടത്തിയത്.
ഞായറാഴ്‌ച മുതൽ ഇരു ബസുകളും ബെംഗളൂരുവിലേയ്‌ക്ക് സർവീസ് നടത്തും. എസി ബസ് ഉച്ചയ്ക്ക് 2.03ന് തിരുവനന്തപുരത്ത് നിന്നും സർവീസ് ആരംഭിച്ച് കോട്ടയം- സുൽത്താൻ ബത്തേരി- മൈസൂർ വഴി പിറ്റേ ദിവസം രാവിലെ 7.30 മണിക്ക് ബെംഗളൂരുവില്‍ എത്തും. തിരിച്ച് ഉച്ചയ്ക്ക് ഒരു മണിക്ക് ബെംഗളൂരുവില്‍ നിന്നും സർവീസ് ആരംഭിക്കുന്ന ഈ ബസ് പിറ്റേ ദിവസം പുലർച്ചെ 5.50 ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് തിരുവനന്തപുരത്ത് നിന്നും സർവീസ് ആരംഭിക്കുന്ന നോൺ എസി ബസ് കോട്ടയം- പാലക്കാട്- സേലം വഴി പുലർച്ചെ 7.30 മണിക്ക് ബെംഗളൂരുവില്‍ എത്തും. വൈകിട്ട് 7.30 മണിക്ക് ബെംഗളൂരുവില്‍ നിന്നും സർവീസ് ആരംഭിക്കുന്ന ബസ് രാവിലെ 10.50മണിക്ക് തിരുവനന്തപുരത്ത് എത്തിച്ചേരും.