തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്‌ടര്‍മാര്‍ നടത്തിവന്ന സമരം ഭാഗികമായി പിന്‍വലിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണി മുതല്‍ അത്യാഹിത വിഭാഗത്തില്‍ പിജി ഡോക്‌ടര്‍മാര്‍ ജോലിക്ക് കയറും. ആരോഗ്യമന്ത്രി വീണ ജോര്‍ജുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രതിഷേധം ഭാഗികമായി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
ചര്‍ച്ചയില്‍ ഉന്നയിച്ച ആവശ്യങ്ങല്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ശേഷം മാത്രം പൂര്‍ണമായി സമരം പിന്‍വലിക്കാനാണ് ഇവരുടെ തീരുമാനം. ജോലിഭാരം കുറയ്ക്കാന്‍ നടപടി, ആഴ്‌ചയില്‍ ഒരു ദിവസം അവധി, സുരക്ഷ തുടങ്ങിയ ആവശ്യങ്ങളാണ് പിജി ഡോക്‌ടര്‍മാര്‍ പ്രധാനമായും മുന്നോട്ട് വച്ചത്. ഇക്കാര്യം സര്‍ക്കാര്‍ അംഗീകരിച്ചു.
ഇവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രികളില്‍ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശനമായ നടപടി സ്വീകരിക്കും. ആശുപത്രി സംരക്ഷണ നിയമം കര്‍ശനമാക്കിയുള്ള ഓര്‍ഡിനന്‍സ് ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി. ചര്‍ച്ച വളരെ പോസിറ്റീവായിരുന്നു എന്നാണ് പിജി ഡോക്‌ടര്‍ കൂടിക്കാഴ്‌ചയ്ക്ക് ശേഷം പ്രതികരിച്ചത്.
ഉറപ്പുകള്‍ നേരത്തെയും ലഭിച്ചിട്ടുണ്ടെങ്കിലും ഒന്നും യാഥാര്‍ഥ്യമായിട്ടില്ല. അതിനാലാണ് ഭാഗികമായി മാത്രം സമരം പിന്‍വലിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി. വന്ദനയുടെ കുടുംബത്തിന് നീതി ലഭിക്കണം. പൊലീസിന്‍റെ വീഴ്‌ച കണ്ടെത്തുന്നതിന് ആവശ്യമായ അന്വേഷണം നടത്തണം. ഇത് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. സുരക്ഷ ഓഡിറ്റ് നടത്തിയ ശേഷം മാത്രം പിജി ഡോക്‌ടര്‍മാരെ താലൂക്ക് ആശുപത്രികളിലടക്കം നിയമിക്കുകയുള്ളു എന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പിജി ഡോക്‌ടര്‍മാര്‍ വ്യക്തമാക്കി. പ്രതിഷേധം എങ്ങനെ തുടരണമെന്നത് ആലോചിച്ച് തീരുമാനിക്കുമെന്നും ഇവര്‍ അറിയിച്ചു.
സമരം പിൻവലിച്ച് സംഘടനകൾ : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ ഡോക്‌ടർ വന്ദന കൊല്ലപ്പെട്ട സംഭവത്തിലാണ് പിജി വിദ്യാർഥികളും ഹൗസ് സർജൻമാരും സമരം ആരംഭിച്ചത്. സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎയും സ്വകാര്യ ഡോക്‌ടർമാരുടെയും സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും നടത്തിവന്ന സമരം പിൻവലിച്ചിരുന്നു. ഇരുസംഘടനകളും ഉന്നയിച്ച ആവശ്യങ്ങളിൽ നടപടി ഉണ്ടാകും എന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന യോഗത്തിൽ തീരുമാനമായിരുന്നു. സംഘടന മുന്നോട്ട് വച്ച ആവശ്യങ്ങളായ ആശുപത്രി സംരക്ഷണ നിയമം അടക്കം ഓർഡിനൻസായി ഇറക്കാൻ സർക്കാർതല തീരുമാനമായ സാഹചര്യത്തിലാണ് സമരം പിൻവലിക്കാൻ സംഘടനകൾ തീരുമാനിച്ചത്.
ആശുപത്രി സംരക്ഷണ നിയമം പരിഷ്‌കരിച്ച് കൊണ്ടുള്ള ഓർഡിനൻസ് പുറപ്പെടുവിക്കുന്നതും പൊലീസ് എയ്‌ഡ് പോസ്റ്റ് സ്ഥാപിക്കുന്നതും ഉൾപ്പടെയുള്ള സർക്കാർ തീരുമാനങ്ങളിൽ സമയ ബന്ധിതമായ നടപടികൾ ഉണ്ടാകാത്ത പക്ഷം തുടർ പ്രതിഷേധ പരിപാടികളുമായി സംഘടന മുന്നോട്ടുപോകുമെന്നും കെജിഎംഒഎ അറിയിച്ചിരുന്നു.