തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി 8 മണി മുതൽ നാളെ പുലർച്ചെ 6 മണി വരെ പെട്രോൾ പമ്പുകൾ അടച്ചിട്ട് സൂചന സമരം നടത്തുമെന്ന് സ്വകാര്യ പെട്രോൾ പമ്പ് ഉടമകൾ. ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ആണ് സൂചന സമരത്തിന് ആഹ്വാനം ചെയ്‌തത്. സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ക്കുനേരെ നടക്കുന്ന ഗുണ്ട ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് സൂചന സമരം (Petrol pump strike in kerala from tonight).
വിഷയത്തിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ മാർച്ച് 10 മുതൽ രാത്രി 10 മണി വരെ മാത്രമെ പമ്പുകൾ പ്രവർത്തിക്കുകയുള്ളൂ എന്നും അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഗുണ്ട ആക്രമണം തടയാന്‍ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമ നിര്‍മാണം വേണമെന്നാണ് അസോസിയേഷൻ ഉന്നയിക്കുന്ന പ്രധാന ആവശ്യം. പുതുവത്സര തലേന്ന് പമ്പുകളിൽ ആക്രമണങ്ങൾ നടക്കാനുളള സാധ്യത കൂടുതലാണെന്നും പമ്പുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ മുൻ നിർത്തിയാണ് ഇത്തരമൊരു തീരുമാനമെന്നും പെട്രോളിയം വ്യാപാരികളുടെ സംഘടന വ്യക്തമാക്കിയിരുന്നു.
ALSO READ: ഗുണ്ട ആക്രമണങ്ങളിൽ പ്രതിഷേധം; സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ നാളെ രാത്രി മുതൽ അടച്ചിടും
പ്ലാസ്റ്റിക് കുപ്പികളിൽ ഇന്ധനം നൽകരുതെന്നാണ് സർക്കാർ നിർദേശമെങ്കിലും ഇത് പലപ്പോഴും നടപ്പിലാക്കാൻ കഴിയാറില്ല. രാത്രി കാലങ്ങളിൽ കുപ്പികളുമായി എത്തുന്നവർക്ക് ഇന്ധനം നൽകിയില്ലെങ്കിൽ വാക്ക് തർക്കങ്ങൾ ഉണ്ടാകുന്നത് പതിവാണ്. പ്രതിഷേധത്തിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന രണ്ടായിരത്തോളം പെട്രോൾ പമ്പുകളിൽ ഭൂരിപക്ഷ പമ്പുകളും പങ്കാളികളാകുമെന്നാണ് വിവരം.
അതേസമയം സ്വകാര്യ പെട്രോൾ പമ്പുകൾ സൂചന സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആര്‍ടിസിയുടെ യാത്ര ഫ്യൂവല്‍സ് 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള 14 യാത്ര ഫ്യൂവല്‍സ് ഔട്ട്‌ലെറ്റുകളും (ഈസ്റ്റ് ഫോര്‍ട്ട്, വികാസ്ഭവന്‍, കിളിമാനൂര്‍, ചടയമംഗലം, പൊന്‍കുന്നം, ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍, മൂവാറ്റുപുഴ, പറവൂര്‍, ചാലക്കുടി, തൃശ്ശൂര്‍, ഗുരുവായൂര്‍, കോഴിക്കോട്) എന്നത്തേയും പോലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് കെഎസ്ആർടിസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഈ സേവനം പൊതുജനങ്ങള്‍ക്ക് പരമാവധി പ്രയോജനപ്പെടുത്തണമെന്നും കെഎസ്ആർടിസി അറിയിച്ചു.
READ MORE: പെട്രോൾ പമ്പുകളുടെ സൂചന സമരം; യാത്ര ഫ്യൂവല്‍സ് 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് കെഎസ്ആർടിസി