തിരുവനന്തപുരം: പെട്രോളിനും ഡീസലിനും രണ്ട് രൂപ സാമൂഹിക സുരക്ഷ സെസ് ഏര്‍പ്പെടുത്തിയ സംസ്ഥാന ബജറ്റ് നിര്‍ദേശം നാളെ (ഏപ്രില്‍ ഒന്ന്) പ്രാബല്യത്തില്‍ വരും. ഇതോടെ ഏപ്രില്‍ ഒന്ന് മുതല്‍ പെട്രോളിനും ഡീസലിനും ലിറ്റര്‍ ഒന്നിന് രണ്ട് രൂപ അധികം നല്‍കണം. സംസ്ഥാനത്ത് 57 ലക്ഷം പാവപ്പെട്ടവര്‍ക്ക് സാമൂഹിക സുരക്ഷ പെന്‍ഷന്‍ നല്‍കുന്നതിനുള്ള സീഡ് ഫണ്ടിലേക്ക് അധിക വിഭവ സമാഹരണം നടത്തുകയാണ് ഈ സെസിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചിരുന്നു.
ഇതിലൂടെ 750 കോടി രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം 500 രൂപ മുതല്‍ 999 രൂപ വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് കുപ്പി ഒന്നിന് 20 രൂപയും 1000 രൂപയക്ക് മുകളിലുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് കുപ്പി ഒന്നിന് 40 രൂപയും അധികമായി ഈടാക്കുമെന്ന ബജറ്റ് പ്രഖ്യാപനവും ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിലൂടെ 400 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
സാമൂഹിക സുരക്ഷ സെസ് എന്ന പേരിലാണ് ഇത് ഏര്‍പ്പെടുത്തിയത്. ഇതിനു പുറമെ ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിക്കാന്‍ എടുത്ത തീരുമാനത്തിനും നാളെ മുതല്‍ പ്രാബല്യമുണ്ടാകും. വിപണി വിലയും ന്യായവിലയും (ഫെയര്‍ വാല്യൂ) തമ്മിലുള്ള അന്തരം നികത്താനാണ് ന്യായവില 20 ശതമാനം വര്‍ധിപ്പിക്കുനതെന്നാണ് മന്ത്രി ഇതുമായി ബന്ധപ്പെട്ട് മുന്നോട്ടു വയ്ക്കുന്ന ന്യായം.
പ്രതിഷേധവുമായി പ്രതിപക്ഷം: അതേസമയം കേന്ദ്ര സര്‍ക്കാര്‍ അടിയ്‌ക്കടി ഇന്ധന വില വര്‍ധിപ്പിക്കുന്നതില്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്കു മേല്‍ മറ്റൊരു ഭാരം കൂടി അടിച്ചേല്‍പ്പിക്കുന്നതാണ് രണ്ട് രൂപയുടെ പെട്രോള്‍, ഡീസല്‍ സെസ് എന്നാരോപിച്ച് പ്രതിപക്ഷം സര്‍ക്കാരിനെതിരെ നിയമസഭയിലും പുറത്തും പ്രതിഷേധിച്ചെങ്കിലും സര്‍ക്കാര്‍ പിന്‍വാങ്ങാന്‍ തയാറായില്ല. ഒരേ സമയം കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നതിനെ എതിര്‍ക്കുകയും അതേസമയം സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ ജനങ്ങളുടെ മേല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ഇടതു സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം.
എന്നാല്‍ സെസിനെ എതിര്‍ക്കുന്നതിലൂടെ പാവപ്പെട്ടവരുടെ ക്ഷേമ പെന്‍ഷന്‍ നിര്‍ത്തലാക്കണമെന്ന ഗൂഢ ലക്ഷ്യമാണ് പ്രതിപക്ഷത്തിനുള്ളതെന്ന് സര്‍ക്കാര്‍ തിരിച്ചടിച്ചു. മാത്രമല്ല, ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന കേരളത്തിലെ ഇടതു സര്‍ക്കാരിനെ ശ്വാസം മുട്ടിക്കുന്ന കേന്ദ്ര നയത്തിനെതിരായ പോരാട്ടം കൂടിയാണ് ഇതെന്നാണ് ധനമന്ത്രിയുടെ അവകാശ വാദം. പാവപ്പെട്ടവന്‍റെ പോക്കറ്റില്‍ കയ്യിട്ട ശേഷം അത് പാവപ്പെട്ടനു നല്‍കാനാണെന്ന കൊള്ളക്കാരന്‍റെ ന്യായമാണ് സര്‍ക്കാര്‍ പറയുന്നതെന്ന് പ്രതിപക്ഷവും വിമര്‍ശിക്കുന്നു.
ഇതു സംബന്ധിച്ച് പ്രതിപക്ഷം നടത്തിയ എല്ലാ സമരങ്ങളും അവഗണിച്ച് തീരുമാനമവുമായി മുന്നോട്ടു പോകുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ ഒന്നിന് സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രതിഷേധ കരിദിനം ആചരിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും.