തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വി സി നിയമനങ്ങള്‍ ഉടന്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജ്ജി നല്‍കി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ധനതത്വ ശാസ്ത്ര അധ്യാപികയായിരുന്ന ഡോ: മേരി ജോര്‍ജ്ജ്. ആറുമാസത്തില്‍ കൂടുതല്‍ താല്‍ക്കാലിക വിസിക്ക് ചുമതല നല്‍കാന്‍ പാടില്ലെന്ന് വ്യവസ്ഥ ഉള്ള കെടിയു സര്‍വകലാശാലയിലടക്കം കഴിഞ്ഞ ഒരു വര്‍ഷകാലമായി കേരളത്തിലെ ഒന്‍പത് സര്‍വകലാശാലകളില്‍ വിസിമാരെ നിയമിക്കാത്തത് മൂലം സര്‍വകലാശാലകളുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞിരിക്കുകയാണെന്നും അടിയന്തരമായി വിസിമാരെ നിയമിക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി(Petition In High Court For Appointment Of Permanent Vice Chancellors In Universities Of Kerala ).
സര്‍വകലാശാലകള്‍ സഹകരിക്കാത്തിനാലാണ് ഈ അവസ്ഥയെന്നും ഈ സാഹചര്യത്തില്‍ യുജിസി ചട്ടപ്രകാരം കമ്മിറ്റി രൂപീകരിച്ച് വിസി നിയമനങ്ങള്‍ നടത്താന്‍ ചാന്‍സിലര്‍മാരായ ഗവര്‍ണര്‍ക്കും, ചീഫ് ജസ്റ്റിസിനും നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേരള, എംജി, കുസാറ്റ്,കണ്ണൂര്‍, കെ.റ്റി.യു, മലയാളം, അഗ്രിക്കള്‍ച്ചര്‍, ഫിഷറീസ്, നിയമ സര്‍വകലാശാലകളിലാണ് സ്ഥിരം വിസിമാരില്ലാത്തത്.
കേരളയിലും കെടിയുവിലും വിസി മാരെ നിയമിക്കുവാനുള്ള നടപടി കൈക്കൊള്ളാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നിട്ടും ഇതേവരെയും മേല്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. സര്‍വ്വകലാശാല പ്രതിനിധിയെ സെര്‍ച്ച് കമ്മിറ്റിയിലേക്ക് നിര്‍ദ്ദേശിക്കാന്‍ സര്‍വ്വകലാശാലകള്‍ തയ്യാറാകാത്തതാണ് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ വൈകുന്നത്. നിരവധി തവണ രാജ്ഭവന്‍ യൂണിവേഴ്‌സിറ്റി പ്രതിനിധിയുടെ പേര് നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റിക്ക് അയച്ച കത്തുകള്‍ അവഗണിക്കുകയായിരുന്നു.
ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍, ചീഫ് ജസ്റ്റിസ്, കേരള സര്‍ക്കാര്‍, യുജിസി, ഐ.സി. ടി.ഇ, ബാര്‍ കൗണ്‍സില്‍,എല്ലാ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍മാര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജ്ജി ഫയല്‍ ചെയ്തിട്ടുള്ളത്.