തിരുവനന്തപുരം: ഒരു ലക്ഷം രൂപയിലേറെ വാര്‍ഷിക കുടുംബവരുമാനമുള്ളവരെ സാമൂഹിക സുരക്ഷ പെന്‍ഷനില്‍ നിന്ന് കര്‍ശനമായി ഒഴിവാക്കാനൊരുങ്ങി ധനവകുപ്പ്. പഞ്ചായത്ത് ഡയറക്‌ടര്‍ക്കും നഗരകാര്യ ഡയറക്‌ടര്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി. പെന്‍ഷന്‍ വാങ്ങുന്നവരില്‍ നിന്ന് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ മുതല്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ശേഖരിക്കുന്നുണ്ട്.
നടപടികള്‍ ഫെബ്രുവരി 28നകം പൂര്‍ത്തീകരിക്കണം. ഇതിനായി പ്രത്യേക മാര്‍ഗരേഖയും തയ്യാറാക്കി. വരുമാനം വിലയിരുത്തി പരിധിക്ക് പുറത്തുള്ളവരെ ഒഴിവാക്കും. പുതിയ നടപടിയിലൂടെ അഞ്ച് ലക്ഷം പേരെങ്കിലും സാമൂഹിക സുരക്ഷ പെന്‍ഷനില്‍ നിന്ന് ഒഴിവാകുമെന്നാണ് ധനവകുപ്പ് കരുതുന്നത്. ഇപ്പോള്‍ 50.5 ലക്ഷം പേരാണ് 1,600 രൂപ വീതം എല്ലാ മാസവും പെന്‍ഷന്‍ വാങ്ങുന്നത്.
ഇതിനുപുറമേ, ഏഴുലക്ഷത്തില്‍പരം പേര്‍ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരാണ്. അവര്‍ക്ക് വരുമാന പരിധി ബാധകമല്ല. മാസം 800 കോടി രൂപയാണ് പെന്‍ഷന് വേണ്ടി സര്‍ക്കാര്‍ ചെലവാക്കുന്നത്.
പെന്‍ഷന്‍ വാങ്ങുന്നവരുടെ വരുമാനം ഒരു ലക്ഷം കവിയരുത് എന്ന ചട്ടം 2010 മുതല്‍ നിലവിലുണ്ട്. 2014ല്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വരുമാന പരിധി മൂന്ന് ലക്ഷമാക്കി ഉയര്‍ത്തി. എന്നാല്‍, 10 മാസം കഴിഞ്ഞപ്പോള്‍ ആ സര്‍ക്കാര്‍ തന്നെ അത് പിന്‍വലിച്ച് വീണ്ടും ഒരു ലക്ഷമാക്കി. ഇതോടെയാണ് പെന്‍ഷന്‍ വാങ്ങുന്നവര്‍ വരുമാനത്തിന്‍റെ കാര്യത്തില്‍ രണ്ടുതട്ടിലായത്.
അന്ന് വരുമാന പരിധി മൂന്ന് ലക്ഷമാക്കി ഉയര്‍ത്തിയപ്പോള്‍ ഒമ്പത് ലക്ഷം പേരാണ് പുതുതായി പെന്‍ഷന് അര്‍ഹത നേടിയത്. നിലവിലെ വരുമാന പരിധി കര്‍ശനമാക്കുന്നതോടെ അവരില്‍ ഇനിയും പെന്‍ഷന്‍ വാങ്ങുന്ന ഭൂരിഭാഗം പേരും ഒഴിവാക്കപ്പെടും. പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി താമസിക്കുന്ന വീട്ടിലെ എല്ലാവരുടെയും വാര്‍ഷിക വരുമാനം പരിഗണിക്കും.
ഇതില്‍ വിവാഹിതരായ മക്കളുടെ വരുമാനം ഒഴിവാക്കി, ശേഷിക്കുന്നത് ആ വ്യക്തിയുടെ കുടുംബ വരുമാനമായി കണക്കാക്കണമെന്നാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം. അതേസമയം, സാമൂഹിക സുരക്ഷ പെന്‍ഷനും ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുള്ള ക്ഷേമപെന്‍ഷനും വീണ്ടും കുടിശ്ശികയായി കിടക്കുകയാണ്. ഡിസംബര്‍, ജനുവരി മാസങ്ങളിലെ പെന്‍ഷന്‍ നല്‍കാന്‍ ഇതുവരെ തീരുമാനമായിട്ടില്ല.
ഈ ആഴ്‌ചതന്നെ ഇത് തീരുമാനിക്കുമെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. രണ്ടുമാസത്തേക്ക് 1600 കോടി രൂപയാണ് വേണ്ടത്. ഇതുകൂടി കണക്കിലെടുത്താണ് സംസ്ഥാനം 2,000 കോടിയുടെ കടപ്പത്രം ഇറക്കിയത്. ഇതിന്‍റെ ലേലം ചൊവ്വാഴ്‌ച നടക്കും.