ജീവിത ശൈലീരോഗങ്ങൾക്ക് മുൻകരുതലായി വ്യായാമം പ്രോത്സാഹിപ്പിക്കാൻ സൈക്കിളിന്റെ ആദിമരൂപമായ പെന്നി ഫാർത്തിംഗുമായി ലോക റെക്കോർഡുകാരൻ. ഫിസിയോതെറാപ്പിസ്റ്റും വ്യക്തിത്വ വികാസ പരിശീലകനുമായ ഇൻസ്പയർ കുമാറാണ് സൈക്ളിങിന് പ്രചാരം നൽകാൻ പെന്നി ഫാർത്തിംഗുമായി രംഗത്തുള്ളത്. കൈകൾ ഒരേസമയം മുന്നോട്ടും പിന്നോട്ടും കറക്കുന്നതിൽ ലോക റെക്കോർഡുകാരനാണ് ഇദ്ദേഹം.
തിരുവനന്തപുരം കണ്ണമ്മൂലയിൽ താമസിക്കുന്ന ഇൻസ്പയർ കുമാർ ഹൈവീലർ സൈക്കിൾ ചവിട്ടി നാട് ചുറ്റുമ്പോൾ നാട്ടുകാർക്ക് കൗതുകമാണ്. ആരെങ്കിലും സൈക്കിളിനെ പറ്റി ചോദിച്ചാൽ ഇദ്ദേഹത്തിന്‍റെ മറുപടി വ്യായാമത്തെ പറ്റിയാവും.
സാധാരണ സൈക്കിൾ തന്നെ മികച്ച വ്യായാമോപാധിയാണ്. പെന്നി ഫാർത്തിംഗിന്റെ ഉപയോഗത്തിന് പക്ഷേ കൂടുതൽ അധ്വാനം വേണ്ടി വരും. ബാലൻസിംഗിനും കൂടുതൽ വൈദഗ്ദ്യം വേണം. അതുകൊണ്ടുതന്നെ കൂടുതൽ വ്യായാമം ശരീരത്തിന് ലഭിക്കുമെന്ന്കുമാർ അഭിപ്രായപ്പെടുന്നു.
ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ തവണ കൈകൾ ഇരു ദിശകളിലേക്കും ഒരേസമയം കറക്കി വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ആളാണ് ഇൻസ്പയർ കുമാർ.