തിരുവനന്തപുരം: കോണ്‍ഗ്രസിലെ എ ഗ്രൂപ്പുകാരാണ് താന്‍ യു.ഡി.എഫില്‍ വരുന്നതിനെ എതിര്‍ക്കുന്നതെന്ന് ജനപക്ഷം നേതാവ് പി.സി.ജോര്‍ജ് എം.എൽ.എ. ഉമ്മന്‍ചാണ്ടി ഇതുവരെ ഇതുസംബന്ധിച്ച് അഭിപ്രായം പറഞ്ഞിട്ടില്ല. എല്‍.ഡി.എഫിലായിരുന്നപ്പോള്‍ താന്‍ വി.എസ്.അച്യുതാനന്ദന്‍റെ ആളാണെന്ന് പറഞ്ഞ് പിണറായി ബഹളമുണ്ടാക്കി. ഇപ്പോള്‍ താന്‍ രമേശ് ചെന്നിത്തലയുടെ ആളെന്നു പറഞ്ഞാണ് ഉമ്മന്‍ചാണ്ടിയുടെ അസ്മാദികള്‍ തനിക്കെതിരെ തിരഞ്ഞിരിക്കുന്നത്. പാര്‍ട്ടികളിലെ ഗ്രൂപ്പിന് തന്നെ ബലിയാടാക്കരുത്. തന്നെ യു.ഡി.എഫിലേക്ക് വേണ്ടെന്നു പറയുന്ന എം.എം.ഹസനോട് ഒരിക്കലും തന്നെ എടുക്കണമെന്നാവശ്യപ്പെട്ടിട്ടില്ല.
ആറു കഷ്ണമായി നില്‍ക്കുന്ന കോണ്‍ഗ്രസ് മുന്നണിയിലേക്ക് പോകാന്‍ താത്പര്യവുമില്ല. അല്ലെങ്കില്‍ തന്നെ യു.ഡി.എഫില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് കോണ്‍ഗ്രസല്ല മറ്റു ചില കക്ഷികളാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്തു വേണമെന്ന് ജനപക്ഷം യോഗം കൂടി തീരുമാനിക്കും. പൂഞ്ഞാറില്‍ നിന്നു തന്നെ ഇത്തവണയും മത്സരിക്കും. എന്നാല്‍ പാലായിലും കാഞ്ഞിരപ്പള്ളിയിലും ആരു ജയിക്കണമെന്ന് പി.സി.ജോര്‍ജ് തീരുമാനിക്കും. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഏതു ചെകുത്താനുമായി കൂട്ടു ചേര്‍ന്നും പരമാവധി ജനപ്രതിനിധികളെ ഉണ്ടാക്കാനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശമെന്നും പി.സി.ജോര്‍ജ് ഇടിവി ഭാരതിനോടു പറഞ്ഞു.