തിരുവനന്തപുരം: കോണ്‍ഗ്രസിന് മുഴുവന്‍ സമയ പ്രസിഡന്‍റ് വേണം എന്നാവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്ത് നല്‍കിയ 23 നേതാക്കളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എന്ന നിലയില്‍ താനും ഒപ്പിട്ടിരുന്നു എന്ന വെളിപ്പെടുത്തലോടെയാണ് പി.സി. ചാക്കോ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അനഭിമതനാകുന്നത്. ചാക്കോ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗമല്ലെന്നും ഡൽഹി കോണ്‍ഗ്രസ് കമ്മിറ്റിയുടെ ചുമതലക്കാരന്‍ എന്ന നിലയില്‍ പ്രത്യേക ക്ഷണിതാവായാണ് അദ്ദേഹം വര്‍ക്കിംഗ് കമ്മിറ്റിയിലെത്തിയതെന്നും ഡൽഹി പിസിസിയുടെ ചുമതലയില്‍ നിന്ന് ഒഴിഞ്ഞതോടെ ചാക്കോ പ്രവര്‍ത്തക സമിതിയിലില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തിരുത്തുകയും ചെയ്‌തത് ചാക്കോയ്ക്ക് വലിയ ക്ഷീണമായി.
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ കണ്ണിലുണ്ണിയായിരുന്ന പി.സി. ചാക്കോയ്ക്ക് ഹൈക്കമാന്‍ഡിലുളള പിടി അയയുന്നതായി അന്നേ ചില സൂചനകള്‍ ലഭിച്ചിരുന്നു. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയ ഭീതിമൂലം സിറ്റിംഗ് മണ്ഡലമായ തൃശൂര്‍ ഉപേക്ഷിച്ച് ചാലക്കുടി തെരഞ്ഞെടുത്ത് കനത്ത പരാജയം ചാക്കോ ഏറ്റുവാങ്ങിയിരുന്നു. 2019- 20ല്‍ 19 ലോക്‌സഭ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചെങ്കിലും തെരഞ്ഞടുപ്പില്‍ ചാക്കോയെ ഒരു മണ്ഡലത്തിലേക്കും പരിഗണിച്ചില്ല. കേരളത്തിലെ പാര്‍ട്ടിയിലും പാര്‍ലമെന്‍ററി ജീവിതത്തിലും തീര്‍ത്തും ഒറ്റപ്പെട്ട പി.സി. ചാക്കോ തികഞ്ഞ നിരാശയിലായിരുന്നു. ഇതിന് ശേഷം പി.സി. ചാക്കോ എന്‍സിപിയിലേക്ക് പോകുന്നു എന്ന നിലയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് പൊടുന്നനെ പി.സി. ചാക്കോ കോണ്‍ഗ്രസ് വിടുന്നത്. മുന്‍പ് ശരദ് പവാറിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പിളര്‍ന്ന് കോണ്‍ഗ്രസ് എസ് രൂപീകരിച്ചപ്പോള്‍ ചാക്കോ പവാറിനൊപ്പം കോണ്‍ഗ്രസ് എസിലായിരുന്നു. ആ അടുപ്പം എല്ലാക്കാലത്തും പി.സി. ചാക്കോ കാത്തു സൂക്ഷിക്കുന്നുണ്ട്.
കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ഥി വിഭാഗമായ കെഎസ്‌യുവിലൂടെ പൊതു രംഗത്തെത്തിയ പി.സി. ചാക്കോ എല്ലാക്കാലത്തും കേരളത്തിലെ ഗ്രൂപ്പ് കളിയുടെ ഭാഗമായിരുന്നു. 1978ല്‍ എ.കെ. ആന്‍റണിയുടെ നേതൃത്വത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ അന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവായിരുന്ന ചാക്കോ എ.കെ. ആന്‍റണിക്കൊപ്പം ഇന്ദിരാഗാന്ധി വിരുദ്ധ ചേരിയില്‍ നിലയുറപ്പിച്ചു. 1979ല്‍ ഈ വിഭാഗം കേരളത്തില്‍ സിപിഎം നയിക്കുന്ന ഇടത് മുന്നണിയില്‍ ചേരുന്നതിന് മുന്‍കൈ എടുത്തത് എ.കെ. ആന്‍റണിയും പി.സി. ചാക്കോയുമായിരുന്നു. 1980ല്‍ കേരളത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.കെ. ആന്‍റണിയും ചാക്കോയും നയിക്കുന്ന കോണ്‍ഗ്രസ് എ വിഭാഗം സിപിഎമ്മിനൊപ്പം ഇടത് മുന്നണിയില്‍ നിലയുറപ്പിച്ചു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എ വിഭാഗം അഥവാ ആന്‍റണി കോണ്‍ഗ്രസിന്‍റെ പിന്തുണയോടെ അധികാരത്തിലെത്തിയ സിപിഎം മന്ത്രിസഭയില്‍ 31-ാമത്തെ വയസില്‍ ചാക്കോ വ്യവസായ മന്ത്രിയായി.
പിറവം മണ്ഡലത്തില്‍ മത്സരിച്ചാണ് ചാക്കോ എംഎല്‍എ ആയത്. 1981ല്‍ എ.കെ. ആന്‍റണി കോണ്‍ഗ്രസിലേക്ക് മടങ്ങിയെങ്കിലും കോണ്‍ഗ്രസ് പിളര്‍ത്തിയ ശരദ് പവാറിനൊപ്പം ചാക്കോ എല്‍ഡിഎഫിനൊപ്പം നിന്നു. 1982ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി നിയമസഭയില്‍ മത്സരിച്ച ചാക്കോ പരാജയപ്പെട്ടു. 1982 മുതല്‍ 86വരെ ശരദ് പവാര്‍ കോണ്‍ഗ്രസിന്‍റെ സംസ്ഥാന പ്രസിഡന്‍റായിരുന്ന ചാക്കോ 86ല്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. അന്ന് കേരളത്തിലെ കോണ്‍ഗ്രസ് സംഘടനയില്‍ അതിശക്തനായിരുന്ന കെ. കരുണാകരനൊപ്പം നിലയുറപ്പിച്ച പി.സി. ചാക്കോ 1991ല്‍ ആദ്യമായി തൃശൂരില്‍ നിന്ന് മത്സരിച്ച് ലോക്‌സഭയിലെത്തി. 1996ല്‍ ലോക്‌സഭയിലേക്കു മത്സരിച്ച കെ. കരുണാകരനു വേണ്ടി തൃശൂര്‍ മണ്ഡലം വിട്ടു കൊടുത്ത് മുകുന്ദപുരത്തേക്കു മാറിയ ചാക്കോ വീണ്ടും എം.പിയായി. 1998ല്‍ ഇടുക്കിയില്‍ നിന്നും ലോക്‌സഭയിലെത്തി. 2004ല്‍ കോട്ടയത്തു നിന്ന് പാര്‍ലമെന്‍റിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2009ല്‍ തൃശൂരില്‍ നിന്ന് ലോക്‌സഭയിലെത്തിയ ചാക്കോ ടു.ജി സ്‌പെക്‌ട്രം അഴിമതിയുമായി ബന്ധപ്പെട്ട സംയുക്ത പാര്‍ലമെന്‍ററി ചെയര്‍മാന്‍ എന്ന നിലയില്‍ ശ്രദ്ധേയനായി.
മത്സരിച്ചു ജയിക്കുന്ന ഒരു മണ്ഡലത്തിലും രണ്ടാമത് മത്സരിക്കാന്‍ പി.സി. ചാക്കോ തയ്യാറായിരുന്നില്ല. 2014ല്‍ സിറ്റിംഗ് മണ്ഡലമായ തൃശൂര്‍ ഉപേക്ഷിച്ച് ചാലക്കുടിയിലേക്കു മാറിയെങ്കിലും കനത്ത പരാജയമായിരുന്നു ചാക്കോയെ കാത്തിരുന്നത്. കെ. കരുണാകരന്‍റെ മരണത്തെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല ഗ്രൂപ്പുകള്‍ക്ക് ബദലായി കോണ്‍ഗ്രസില്‍ പി.സി. ചാക്കോ ഗ്രൂപ്പുണ്ടാക്കാന്‍ പി.സി.ചാക്കോ ശ്രമിച്ചെങ്കിലും ഈ നേതാക്കളെ പോലെ അണികള്‍ക്കിടയില്‍ അപ്രാപ്യനായ പി.സി. ചാക്കോക്ക് കോണ്‍ഗ്രസില്‍ തന്‍റേതായ ഗ്രൂപ്പ് രൂപീകരിക്കാനായില്ല. ദീര്‍ഘകാലമായി ഡൽഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ചാക്കോയ്ക്ക് കേരളത്തിലെ കോണ്‍ഗ്രസില്‍ നിര്‍ണായക ശക്തിയാകാനും കഴിഞ്ഞില്ല.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥി നിര്‍ണയ സമിതിയില്‍ അംഗമായിരുന്നെങ്കിലും പി.സി. ചാക്കോയുടെ ഒരു സ്ഥാനാര്‍ഥിയെ പോലും അംഗീകരിക്കാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തയ്യാറായില്ല. അണപൊട്ടിയ ഈ പ്രതിഷേധമാണ് ഒടുവില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വയ്ക്കാന്‍ പി.സി.ചാക്കോയെ പ്രേരിപ്പിക്കുന്നത്. 76 വയസിലെത്തി നില്‍ക്കുന്ന പി.സി.ചാക്കോ എന്ന പല്ല് കൊഴിഞ്ഞ സിംഹത്തെ കോണ്‍ഗ്രസ് ഏത് രീതിയില്‍ പരിഗണിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ചാക്കോയുടെ കോണ്‍ഗ്രസിലേക്കുള്ള മടക്കം എന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നത്.