തിരുവനന്തപുരം : കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശിന്‍റെ ഫ്ലാറ്റിൽ പൊലീസ് റെയ്‌ഡ്. ഓം പ്രകാശിന്‍റെ കവടിയാറിലെ ഫ്ലാറ്റിലാണ് പൊലീസ് പരിശോധന നടത്തിയത്. പൂട്ടിയ നിലയിലായിരുന്ന ഫ്ലാറ്റിന്‍റെ വാതിൽ തകർത്താണ് സംഘം അകത്ത് പ്രവേശിച്ചത്.
ഇന്നലെ രാത്രി നടന്ന റെയ്‌ഡിൽ മൂന്ന് എടിഎം കാർഡുകൾ പൊലീസിന് ഫ്ലാറ്റിൽ നിന്നും ലഭിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസ് ശേഖരിച്ച് വരികയാണ്. പാറ്റൂരില്‍ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏട്ടുമുട്ടലിൽ ഓം പ്രകാശിന്‍റെ കൂട്ടാളികൾ ആക്രമണത്തിനായി ഉപയോഗിച്ച വാഹനവും ഇതേ ഫ്ലാറ്റിന്‍റെ പാർക്കിങ് ഏരിയയിൽ നിന്നുമായിരുന്നു പൊലീസ് കണ്ടെടുത്തത്.
ഓം പ്രകാശിന്‍റെ ഡ്രൈവർമാരായ ഇബ്രാഹിം റാവുത്തർ, സൽമാൻ എന്നിവരെ നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ സംഘത്തിലുള്ള ആരിഫ്, ആസിഫ്, രഞ്‌ജിത്ത്, ജോമോൻ എന്നിവരും കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് കോടതിയിലെത്തി കീഴടങ്ങിയിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം നടക്കുന്നതിനിടെ ഓം പ്രകാശിനോടൊപ്പം ഒളിവിലായിരുന്നു ഇവരും എന്നാണ് പൊലീസിന്‍റെ അനുമാനം.
എന്നാൽ അഭിഭാഷകരുടെ സഹായത്തോടെ ഇന്നലെ രാവിലെ മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങുകയായിരുന്നു ഇവർ. റിമാൻഡിലുള്ള പ്രതികൾ കോടതിയിൽ ജാമ്യാപേക്ഷയും സമർപ്പിച്ചിട്ടുണ്ട്. ജനുവരി എട്ടിന് പുലര്‍ച്ചെയാണ് പാറ്റൂരില്‍ കണ്‍സ്‌ട്രക്ഷന്‍ കമ്പനിയുടമയായ നിധിന്‍ അടക്കമുള്ള നാലുപേരെ കാര്‍ തടഞ്ഞുനിര്‍ത്തി ഗുണ്ടാസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
തുടര്‍ന്ന് പൊലീസ് പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചെങ്കിലും ഓം പ്രകാശ് ഉള്‍പ്പടെയുള്ളവര്‍ ഒളിവില്‍ പോവുകയായിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആരിഫും മറ്റുചിലരും ഊട്ടിയിലുണ്ടെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഒളിവില്‍ കഴിയവെ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥന്‍റെ മകളുമായി ആരിഫ് നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പൊലീസിന് വ്യക്തമായിരുന്നു.
also read: പാറ്റൂര്‍ ആക്രമണക്കേസ് : ഗുണ്ടാത്തലവന്‍ ഓംപ്രകാശിന്‍റെ കൂട്ടാളികൾ കീഴടങ്ങി
ഇതില്‍ അന്വേഷണം തുടരവെയാണ് ആരിഫ് അടക്കമുള്ളവർ കോടതിയില്‍ കീഴടങ്ങിയത്. സംഭവത്തിൽ പൊലീസും ഗുണ്ടാസംഘങ്ങളും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞതോടെ പേട്ട എസ്‌ഐക്കെതിരെയും മാഫിയ ബന്ധമുള്ള 24 സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കെതിരെയും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇവരെ വിവിധയിടങ്ങളിലേക്ക് സ്ഥലംമാറ്റുകയാണ് ചെയ്‌തത്. കൂടാതെ കേസുകളിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക ചൊവ്വാഴ്‌ച വൈകുന്നേരത്തിന് മുൻപായി നൽകാൻ ജില്ല പൊലീസ് മേധാവിമാർക്ക് ഡിജിപി കഴിഞ്ഞ ദിവസം നിർദേശവും നൽകിയിട്ടുണ്ട്.