തിരുവനന്തപുരം: കോവളത്ത കടലിൽ നൂറു മീറ്റർ ഉയരത്തിൽ വായുവിൽ നിന്ന് കടലും കരയും കാണാം. മാറിവരുന്ന വിനോദസഞ്ചാര രീതികൾക്കൊപ്പം കേരളത്തിന്‍റെ അഭിമാനമായ കോവളവും മാറുകയാണ്. പുതുതായി തുടങ്ങിയ പാരാസെയിലിംഗ് ആണ് കോവളം തീരത്തിന്‍റെ വിനോദസഞ്ചാരത്തിന്‍റെ മുഖം മിനുക്കുന്നത്. ഗോവയിലും ചെന്നൈയിലും രാജ്യത്തെ മറ്റു ചില പ്രമുഖ ടൂറിസം കേന്ദ്രങ്ങളിലും മാത്രം കണ്ടിട്ടുള്ള പാരാസെയിലിംഗ് സംസ്ഥാനത്ത് ആദ്യമെത്തുന്നത് കോവളത്താണ്.
തീരത്തുനിന്ന് 250 മീറ്ററോളം ദൂരെ കടലിൽ നിര്‍ത്തിയിട്ട ബോട്ടിൽ ഘടിപ്പിച്ച കയറുകളുടെ അറ്റത്ത് കൊളുത്തിയ തുറന്ന പാരച്യൂട്ടിൽ തൂങ്ങിക്കിടന്ന് വായുവിൽ തെന്നിപ്പറക്കുന്നതാണ് കടലിലെ പാരാസെയിലിംഗ്. ആകാശത്തുള്ള സഞ്ചാരിയുമായി ബോട്ട് കടലിൽ ചുറ്റുക്കറങ്ങുമ്പോൾ കോവളത്തിന്‍റെ അപൂർവമായ ആകാശക്കാഴ്ച കാണാം. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്‍റെ സഹകരണത്തോടെയുള്ള സ്വകാര്യ സംരംഭമാണ് കോവളത്തേത്. സാഹസിക വിനോദ സഞ്ചാരത്തിന്‍റെ സാധ്യതകൾ പ്രയോജനപ്പെടുത്തുക, രാജ്യത്താകെയുള്ള യുവതലമുറയെ ആകർഷിക്കുക, അതുവഴി സംസ്ഥാനത്തിന്‍റെ വിനോദസഞ്ചാര വരുമാനം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് സർക്കാരിന്‍റെ ലക്ഷ്യങ്ങൾ.
കോവളത്തിന്‍റെ ആകാശക്കാഴ്ച അതിസുന്ദരമാണ്. സഞ്ചാരികൾക്ക് മറക്കാനാകാത്ത അനുഭവവും. ഈ മേഖലയിലെ മാറിവരുന്ന കാഴ്ചപ്പാടുകൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സംരംഭകർ പറയുന്നു. കടലിന്‍റെ ആകാശത്ത് അര മണിക്കൂറോളം നീളുന്ന യാത്ര. ഒന്നു ചുറ്റിവരുന്ന അസാധാരണ അനുഭവത്തിന് 2500 രൂപയാണ്. പാരാസെയിലിംഗ് ആദ്യം ചെയ്യുന്നവർക്ക് ചെറിയ പേടി തോന്നാം. വായുവിലുയർന്ന് മുകളിലെത്തിയാൽ ആവേശമാകും. പൂർണ സുരക്ഷിതമാണ് ഈ ആകാശയാത്രയെന്ന് സംരംഭകർ ഉറപ്പു നൽകുന്നു.
കോവളം കടലിൽ സ്പീഡ് ബോട്ടിംഗും കടലിന്‍റെ അടിത്തട്ട് കാണാൻ അവസരമൊരുക്കുന്ന സ്കൂബ ഡൈവിംഗും നേരത്തേയുണ്ട്. പാരാസെയിലിംഗ് കൂടി ആയതോടെ ടൂറിസം മേഖലയുടെ കൊവിഡ് കാലത്തെ വരൾച്ച പതിയെ മാറുകയാണ്. കോവളത്ത് വിരുന്നിനെത്തുന്ന വിദേശികൾക്കും സാധാരണക്കാരായ സ്വദേശികൾക്കും കുറഞ്ഞ ചെലവിൽ ഇതൊരു വേറിട്ട അനുഭവമാകുമെന്ന് ഉറപ്പാണ്.