തിരുവനന്തപുരം: പാലക്കാട് ധോണിയിൽ പ്രഭാത സവാരിക്കാരനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്‌ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. സംഭവത്തെക്കുറിച്ച് പരിശോധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ച ശേഷം വീഴ്‌ച കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ദുഃഖകരമായ സംഭവമാണ് ഉണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായെന്നാണ് പരാതി. വിഷയത്തിൽ ഇടപെടാൻ ജില്ല കലക്‌ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിയാവുന്ന എല്ലാ കാര്യങ്ങളും ചെയ്യാനാണ് നിർദേശിച്ചത്.
ബഫർ സോൺ വിഷയത്തിൽ കേരളത്തിലെ ജനങ്ങളുടെ ആശങ്കകൾ സംബന്ധിച്ച് ചർച്ച ചെയ്യാമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അറിയിച്ചിട്ടുണ്ട്. കേരളത്തിലെ കർഷകർക്ക് ആശ്വസിക്കാനുള്ള വാർത്തയാണിത്. കേന്ദ്ര സർക്കാറിന്‍റെ ഭാഗത്തുനിന്നുള്ള ഈ നടപടിയെ സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു.