തിരുവനന്തപുരം: കോവളത്ത് പൊലീസ് പരിശോധനയെ തുടര്‍ന്ന് വിദേശ പൗരന്‍ കുപ്പികളിലെ മദ്യം ഒഴിച്ചുകളയാനിടയാക്കിയതില്‍ പ്രതികരിച്ച് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംഭവം നിർഭാഗ്യകരമാണ്. ടൂറിസം മേഖലയെ തന്നെ തകർക്കുന്ന നടപടിയാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് ടൂറിസം മേഖലയെ വല്ലാതെ ബാധിച്ചു. അതിജീവിക്കാനുള്ള കഠിനശ്രമങ്ങൾ സർക്കാർ നടത്തുമ്പോഴാണ് ഇത്തരം നടപടികൾ. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കും. വിഷയം ബന്ധപ്പെട്ട വകുപ്പിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
ALSO READ: പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി; ഐജി സ്‌പർജൻകുമാർ തിരുവനന്തപുരം കമ്മീഷണർ
മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. ഒരുതരത്തിലും ഇത്തരം നിലപാട് പ്രോത്സാഹിപ്പിക്കില്ല. സർക്കാരിനൊപ്പം നിന്ന് സർക്കാരിന് അള്ളുവയ്ക്കാൻ അനുവദിക്കില്ല. സർക്കാർ നിലപാടിന് വിരുദ്ധമായാണോ സംഭവം നടന്നതെന്ന് അന്വേഷിക്കും. ടൂറിസ്റ്റുകളോടുള്ള നിലപാടിൽ മാറ്റം വരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. സ്‌കൂട്ടറില്‍ പോവുകയായിരുന്ന വിദേശ പൗരനെ മദ്യത്തിന്‍റെ ബിൽ ആവശ്യപ്പെട്ട് തടഞ്ഞുവയ്‌ക്കുകയയായിരുന്നു. തുടര്‍ന്ന് കൈവശമുണ്ടായിരുന്ന മൂന്ന് ബോട്ടിലുകളില്‍ രണ്ടെണ്ണത്തിലെ മദ്യം വിദേശി ഒഴിച്ചുകളഞ്ഞു.
ബിൽ ഇല്ലാതെ മദ്യം കൊണ്ടുപോകാൻ കഴിയില്ലെന്ന് പൊലീസ് വാശി പിടിച്ചതോടെയാണ് മദ്യം കളഞ്ഞത്. പിന്നീട് ഇയാള്‍ ബില്ല് ഹാജരാക്കി നിരപരാധിത്വം തെളിയിക്കുകയുണ്ടായി.