തിരുവവന്തപുരം: കണ്ണൂർ പാനൂരിലെ പ്രമുഖ സിപിഎം നേതാവ് പി.കെ കുഞ്ഞനന്തൻ (73) അന്തരിച്ചു. ടി.പി ചന്ദ്രശേഖരൻ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു. കേസിലെ 13-ാം പ്രതിയാണ്. അസുഖ ബാധിതനായതിനെ തുടർന്ന് ജനുവരി 14 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അണുബാധ മൂർച്ഛിച്ചതോടെയാണ് മരണം സംഭവിച്ചത്. സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗമാണ്. ജയിലായിരിക്കുമ്പോഴും പാർട്ടി ഏരിയാ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ടിപി ചന്ദ്രശേഖരൻ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയെന്നതായിരുന്നു കുഞ്ഞനന്തന് എതിരായ കുറ്റം. 2012 ജൂലായ് 23നാണ് കേസില്‍ കീഴടങ്ങുന്നത്. 2014 ജനുവരിയിലാണ് ജീവപരന്ത്യം ശിക്ഷിക്കപ്പെട്ടത്. കുഞ്ഞനന്തനിലൂടെ സിപിഎം നേതൃത്വത്തിലേക്ക് എത്താമെന്ന അന്വേഷണസംഘത്തിന്‍റെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റിക്കുന്നതായിരുന്നു ടിപി കേസില്‍ കുഞ്ഞനന്തന്‍റെ മൊഴി. ഇതോടെ കേസിൽ പ്രതിചേർക്കപ്പെട്ട സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ അടക്കമുള്ള ഉന്നത നേതാക്കൾ രക്ഷപ്പെട്ടതായി ആരോപണമുണ്ട്. അതോടെ ശിക്ഷിക്കപ്പെട്ട പ്രധാന മൂന്നു നേതാക്കളിൽ ഒരാളായി കുഞ്ഞനന്തൻ മാറി.
ഇടതു സർക്കാർ അധികാരത്തിൽ വന്നതോടെ നിരവധി തവണ കുഞ്ഞനന്തൻ പരോൾ നേടി ജയിലിന് പുറത്തെത്തിയിരുന്നു. ഇത് വിവാദമാവുകയും പരോൾ ക്രമ വിരുദ്ധമാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. നിലവിൽ സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗമായ കുഞ്ഞനന്തൻ പരോൾ സമയത്ത് പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ഹൈക്കോടതിയിൽ നിന്ന് മൂന്ന് മാസത്തേക്ക് ശിക്ഷ റദ്ദ് ചെയ്ത് ജാമ്യം നേടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തിയത്. ആരോഗ്യനില നില വഷളായതിനെ തുടർന്ന് വെന്‍റിലേറ്റർ ചികിത്സയിലായിരുന്നു.