തിരുവനന്തപുരം: മൃതദേഹം അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള സഭാ തര്‍ക്കങ്ങളില്‍ ഓര്‍ഡിനനന്‍സുമായി സംസ്ഥാന സര്‍ക്കാര്‍. സഭാ തര്‍ക്കങ്ങളുടെ പേരില്‍ മൃതദേഹം അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ക്രമസമാധാന പ്രശ്‌നമായതോടെയാണ് സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തുന്നത്.
കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃതദേഹം അടക്കം ചെയ്യാം. ഇതിന് നിയമ പ്രാബല്യമുണ്ടാകും. ഏത് സഭയിലാണ് ഇപ്പോള്‍ വിശ്വസിക്കുന്നത് എന്നതൊന്നും ഇതിന് തടസമാകില്ലെന്നാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്. എന്നാല്‍ പള്ളിക്കുള്ളില്‍ ശുശ്രൂഷകള്‍ നടത്താന്‍ പള്ളി ഏത് സഭയുടെ അധികാര പരിധിയിലാണോ അവര്‍ക്ക് മാത്രമേ സാധിക്കൂ. അത് വേണ്ട എന്നുണ്ടെങ്കില്‍ പള്ളിക്ക് പുറത്ത് വച്ച് ശുശ്രൂഷനടത്താം. അതിനു ശേഷം പളളി സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ അവകാശം നല്‍കുന്നതാണ് ഓര്‍ഡിനന്‍സെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൃതദേഹം വച്ചുളള വിലപേശലുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും അത് കൊണ്ടാണ് സര്‍ക്കാര്‍ ഇടപെടുന്നതെന്നും ഇതില്‍ നിയമവിരുദ്ധമായ ഒന്നുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഓര്‍ഡിനന്‍സ് പ്രകാരം മൃതദേഹ സംസ്‌കാരം തടസപ്പെടുത്തിയാല്‍ ഒരു വര്‍ഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കും. ഓര്‍ത്തഡോക്‌സ് യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായിരുന്നു. ഇതോടെ യാക്കോബായ വിശ്വാസികളുടെ മൃതദേഹങ്ങള്‍ പളളിയില്‍ അടക്കാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയാറാകാതെ ദിവസങ്ങളോളം മൃതദേഹം സംസ്കരിക്കാതെ സൂക്ഷിക്കുന്ന സ്ഥിതിയും ഉണ്ടായിരുന്നു. ഇത്തരം തര്‍ക്കങ്ങള്‍ വലിയ സംഘര്‍ഷങ്ങളിലേക്കും എത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തിയിരിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി.