തിരുവനന്തപുരം: മനുഷ്യ മഹാശൃംഖല സംഘടിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. രാജ്യത്തിന്റെ വിശാല താത്പര്യം മുന്‍ നിര്‍ത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ വര്‍ഷം നടക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പോ അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പോ ലക്ഷ്യം വച്ചല്ല. സങ്കുചിത രാഷ്ട്രീയ താത്പര്യത്തിന് അതീതമായി എല്ലാവരും പരിപാടിയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നത് ഇക്കാരണത്താലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരം വിഷയങ്ങളില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ പ്രാപ്തിയുള്ള നേതൃത്വം കോണ്‍ഗ്രസിനില്ലെന്ന് പാര്‍ട്ടി തെളിയിച്ചു. മുസ്ലീം ലീഗ് നേതൃത്വം പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചാലും മതന്യൂനപക്ഷങ്ങള്‍ ഇടതിനൊപ്പം നില്‍ക്കും. മനസുകൊണ്ട് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തീവ്രഹിന്ദുത്വ നിലപാടിനെതിരാണ്. അവര്‍ മനുഷ്യ മഹാശൃംഖലയ്‌ക്കൊപ്പം നില്‍ക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ കാസര്‍കോട് മുതല്‍ പാറശാല വരെ ജനുവരി 26നാണ് എല്‍ഡിഎഫ് മനുഷ്യ മഹാശൃംഖല സംഘടിപ്പിക്കുന്നത്. പരിപാടിയുടെ മുന്നോടിയായി എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.