തിരുവനന്തപുരം : സംസ്ഥാനത്തിന് പുറത്ത് നിന്ന് കുറഞ്ഞ വിലയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള നാല് കരാറുകൾ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയത് പുനഃസ്ഥാപിച്ചു (KSEB's Power purchase Deals: Regulatory body restore long term contracts). കഴിഞ്ഞ മെയ് മാസമാണ് യൂണിറ്റിന് 4.29 രൂപയ്ക്ക് വൈദ്യുതി ലഭിക്കുന്ന കരാറുകൾ നടപടികളിലെ വീഴ്‌ചയുടെ പേരിൽ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ (Regulatory Commission) റദ്ദാക്കിയത്. കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിച്ചുകൊണ്ടിരുന്ന കരാറുകൾ പൊതുതാത്പര്യാർഥം പുനഃസ്ഥാപിക്കണമെന്ന സർക്കാരിന്‍റെ ആവശ്യം പരിഗണിച്ചാണ് നടപടി (Order to restore long term power contracts canceled by the electricity regulatory commission).
ജാംബുവാ പവർ (115, 100 മെഗാവാട്ടിന്‍റെ 2 കരാറുകൾ), ജിൻഡാൽ പവർ (150 മെഗാവാട്ട്), ജിൻഡാൽ ഇന്ത്യ തെർമൽ പവർ (100 മെഗാവാട്ട്) എന്നീ കമ്പനികളുമായാണ് കരാർ. ഇതിൽ ജിൻഡാൽ പവർ 150 മെഗാവാട്ട് തുടർന്നും നൽകും. കമ്പനികളോട് സംസ്ഥാനത്തിന് വൈദ്യുതി നൽകുന്നത് എത്രയും വേഗം പുനഃസ്ഥാപിക്കാൻ റെഗുലേറ്ററി കമ്മിഷൻ ആവശ്യപ്പെടുകയും കമ്പനികൾ നിർദേശം പാലിക്കുന്നുണ്ടോ എന്നറിയിക്കാൻ കെഎസ്ഇബിക്ക് നിർദേശം നൽകുകയും ചെയ്‌തു.
ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും വൈദ്യുതി ബോർഡിനോട് കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. 465 മെഗാവാട്ടിന്‍റെ വൈദ്യുതിക്കരാറുകൾ യുഡിഎഫ് സർക്കാരിന്‍റെ കാലത്താണ് ഉണ്ടാക്കിയത്. എന്നാൽ, 17 വർഷത്തേക്ക് കൂടി നിലവിലുള്ള ഈ കരാർ ശരിയായ അനുമതികളില്ലാതെയാണ് ഉണ്ടാക്കിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കമ്മിഷൻ റദ്ദാക്കിയത്.
പകരം വൈദ്യുതി വാങ്ങാൻ ശ്രമിച്ചെങ്കിലും കമ്പനികൾ വലിയ വില ആവശ്യപ്പെട്ടത് പ്രതിസന്ധി സൃഷ്‌ടിച്ചു. ദീർഘകാലക്കരാർ റദ്ദാക്കിയ നടപടിയെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വിമർശിക്കുകയും ചെയ്‌തിരുന്നു.
നിർണായക തീരുമാനം കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ : ഇക്കഴിഞ്ഞ ഒക്‌ടോബർ നാലിനാണ് ദീർഘകാല കരാറിലൂടെ കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള കരാർ (Electricity Contracts) പുനഃസ്ഥാപിക്കാൻ സർക്കാർ തീരുമാനം എടുത്തത്. കേന്ദ്ര വൈദ്യുതി നിയമത്തിലെ 108 വകുപ്പ് പ്രകാരം റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ കരാറുകൾ പുനഃസ്ഥാപിക്കാൻ സർക്കാരിന് കഴിയും. ഇത് അനുസരിച്ചാണ് മന്ത്രിസഭ യോഗം ഈ വിഷയത്തിൽ തീരുമാനമെടുത്തത്.
റഗുലേറ്ററി കമ്മിഷൻ കരാറുകൾ റദ്ദാക്കിയതോടെ സംസ്ഥാനത്തിന് വൈദ്യുതി നൽകുന്നതിൽ നിന്ന് കരാറിൽ ഒപ്പിട്ടിരുന്ന ജാംബുവാ പവർ ലിമിറ്റഡ്, ജിണ്ടാൽ പൗർണൻ ലിമിറ്റഡ്, ജിണ്ടാൽ തെർമൽ പവർ ലിമിറ്റഡ് എന്നീ കമ്പനികൾ പിന്മാറുകയായിരുന്നു. ഇത് സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് ഇടയാക്കി. തുടർന്ന് കെഎസ്‌ഇബി (KSEB) വീണ്ടും ടെൻഡറുകൾ വിളിച്ചു. എന്നാൽ, കമ്പനികൾ 7.30 രൂപ യൂണിറ്റിന് ആവശ്യപ്പെട്ടു. ഇത് കെഎസ്‌ഇബിക്ക് വലിയ സാമ്പത്തിക നഷ്‌ടം ഉണ്ടാക്കുന്നതിനാൽ, വിഷയം പരിശോധിക്കാൻ ചീഫ് സെക്രട്ടറിയോട് സർക്കാർ നിർദേശിച്ചു.
തുടർന്ന് വിഷയം പരിശോധിച്ച് ചീഫ് സെക്രട്ടറി നേരത്തെയുള്ള കരാറുകൾ പുനഃസ്ഥാപിക്കുന്നതാണ് നല്ലതെന്ന് സർക്കാറിന് റിപ്പോർട്ട് നൽകുകയായിരുന്നു. ഈ റിപ്പോർട്ട് പരിശോധിച്ചാണ് മന്ത്രിസഭായോഗം വിഷയത്തിൽ തീരുമാനം എടുത്തത്.