തിരുവനന്തപുരം:സ്‌പീക്കർക്കെതിരായ പ്രതിപക്ഷ പ്രമേയ ചർച്ചയിൽ ശക്തമായ വാദ പ്രതിവാദങ്ങൾക്ക് സാക്ഷിയായി നിയമസഭ. സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണനെ നീക്കണമെന്ന യു.ഡി.എഫ് പ്രമേയത്തിൽ ചൂടേറിയ ചർച്ചയാണ് ഇന്ന് നിയമസഭയിൽ നടന്നത്. സ്‌പീക്കർ ഉൾപ്പെടെ 15 പേർക്കാണ് ചർച്ചയിൽ സംസാരിക്കാൻ അവസരം നിശ്ചയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ചർച്ചയിൽ പങ്കെടുത്തു.
പ്രമേയം ചർച്ചയ്‌ക്ക് എടുക്കുന്നതിന് മുൻപ് തന്നെ ഭരണപക്ഷത്തു നിന്ന് എസ്. ശർമ്മ തടസവാദം ഉന്നയിച്ചു. സ്‌പീക്കർക്കെതിരായ പ്രമേയം ചട്ടം പാലിച്ചുള്ളതാകണമെന്നും ആരുടെയെങ്കിലും രാഷ്ട്രീയ താത്പര്യത്തിന് ഉള്ളതാകരുതെന്നും പത്രവാർത്തകളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിൽ പ്രമേയം പരിഗണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ജനുവരി ആറിന് കൊടുത്ത കുറ്റപത്രത്തിലെ പ്രതികൾ ആരാണെന്ന് നാലാം തീയതി എങ്ങനെ പ്രതിപക്ഷം അറിഞ്ഞു എന്നും അദ്ദേഹം ചോദിച്ചു. കസ്‌റ്റംസിൽ നിന്ന് സ്‌പീക്കർക്ക് നോട്ടീസൊന്നും കിട്ടിയിട്ടില്ലെന്നും നിയമസഭാ ചട്ടങ്ങൾക്ക് എതിരായ പ്രമേയം പരിഗണിക്കരുതെന്നും എസ്.ശർമ ആവശ്യപ്പെട്ടു.
ഇതോടെ പ്രതിപക്ഷം ബഹളം ആരംഭിച്ചിരുന്നു. ഇതിനെ പ്രതിപക്ഷത്തു നിന്നും കെ.സി ജോസഫ് എതിർത്തു. നോട്ടീസ് നൽകിയപ്പോഴും, കാര്യോപദേശക സമിതി കൂടിയപ്പോഴും എതിർക്കാതിരുന്ന ശർമ്മ പ്രമേയം ചർച്ചയ്ക്ക് എടുക്കുമ്പോൾ തടസം ഉന്നയിക്കുന്നത് ശരിയല്ലെന്ന് കെ.സി ജോസഫ് വ്യക്തമാക്കി. പിന്നാലെ മന്ത്രി ജി.സുധാകരനും രംഗത്തെത്തി. സ്‌പീക്കർ തെറ്റ് ചെയ്തു എന്നതിന് രേഖയില്ലെന്നും സ്‌പീക്കറെ കുറിച്ച് പ്രാഥമിക അന്വേഷണം പോലും നടന്നിട്ടില്ലെന്നും അവിശ്വാസ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്നും ജി. സുധാകരൻ പറഞ്ഞു. തടസവാദങ്ങൾ അംഗീകരിക്കുന്നുവെങ്കിലും പ്രമേയത്തിന് അനുമതി നൽകുകയാണെന്ന് ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി സഭയെ അറിയിച്ചു. പിന്നാലെയാണ് എം. ഉമ്മർ എം.എൽ.എ പ്രമേയം അവതരിപ്പിച്ചത്.
സ്‌പീക്കർക്കെതിരെ ഇങ്ങനെ ഒരു പ്രമേയം അവതരിപ്പിക്കേണ്ടി വന്നത് ദൗർഭാഗ്യകരമാണ്. ഇവിടെ നിയമസഭയുടെ അന്തസാണ് പ്രശ്‌നം. സ്‌പീക്കറെ ജയിലിൽ അടയ്‌ക്കാനോ മോശക്കാരനാക്കാനോ അല്ല. വമ്പിച്ച ധൂർത്തും പാഴ് ചെലവും നിയമസഭയിൽ നടത്തുകയാണ്. അറേബ്യയിലെ മുഴുവൻ സുഗന്ധ ദ്രവ്യങ്ങൾ കൊണ്ട് കഴുകിയാലും എന്‍റെ കൈകൾ ശുദ്ധമാകില്ല എന്ന മാക്‌ബത്തിലെ സംഭാഷണം പോലെയാണ് സ്‌പീക്കറുടെ അവസ്ഥയെന്നും എം.ഉമ്മർ പറഞ്ഞു. പ്രമേയം അവതരിപ്പിക്കുന്നതിനിടയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ സ്‌പീക്കർ പി.ശ്രീരാമകൃഷ്ണൻ സഭയിലെത്തി ഡെപ്യൂട്ടി സ്‌പീക്കർ കസേരയിൽ ഇരുന്നു. ചട്ടപ്രകാരം സ്‌പീക്കർക്കെതിരെ പ്രമേയം പാസാക്കുമ്പോൾ ഡെപ്യൂട്ടി സ്‌പീക്കറുടെ കസേരയിൽ ഇരിക്കണമെന്നാണ് ചട്ടം. ചർച്ചയ്‌ക്കിടെ പ്രതിപക്ഷ നേതാവിന്‍റെ ഇഫ്‌താർ പാർട്ടിക്ക് സ്വപ്‌ന വന്നത് ശരിയാണോ എന്നും ശർമ്മ ചോദിച്ചു. എന്നാൽ സ്വപ്‌നയെ ക്ഷണിച്ചിട്ടില്ലെന്നും കോൺസുലേറ്റ് ജനറലിനെ മാത്രമാണ് ക്ഷണിച്ചതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
പിന്നാലെ സംസാരിച്ച പിടി തോമസ് രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. 14 വിദേശ യാത്രകളിൽ ഡോളർ കടത്തിയെന്നത് ഞെട്ടിപ്പിക്കുന്ന വിവരമാണ്. നിഷ്‌പക്ഷനാകേണ്ട സ്‌പീക്കർ പക്ഷപാതപരമായി പെരുമാറിയെന്നും പോളിറ്റ് ബ്യൂറോ അംഗം പ്രസംഗിക്കുമ്പോൾ സംസ്ഥാന കമ്മിറ്റി അംഗം കേട്ടിരിക്കുന്ന പോലെയാണ് സ്‌പീക്കർ പെരുമാറുന്നതെന്നും പി.ടി. തോമസ് ആരോപിച്ചു. ശ്രീരാമകൃഷ്ണന്‍റെ പിറകെ നടക്കുന്നവർ ഇന്നല്ലെങ്കിൽ നാളെ നിങ്ങളെ നടത്തുകയല്ല കിടത്തും എന്ന് മുല്ലക്കര രത്‌നാകരൻ തിരിച്ചടിച്ചു. ടെൻഡർ ഇല്ലാതെ കരാർ നൽകുന്നത് തെറ്റാണെന്ന് ആരോപിക്കുന്ന കോൺഗ്രസ് ഭരണത്തിലിരിക്കുമ്പോൾ ഇത്തരത്തിൽ കരാർ നൽകിയിട്ടുണ്ടെന്നായിരുന്നു വീണാ ജോർജിന്‍റെ പരാമർശം. ഏഴ് മാസമായി സർക്കാരിനെ കുതന്ത്രങ്ങളാൽ ആക്രമിക്കുകയാണെന്നും പ്രതിപക്ഷത്തിന് നല്ല മാനസികാരോഗ്യത്തിന് അടിയന്തരമായി ചികിത്സ നൽകണമെന്ന് ജയിംസ് മാത്യു ആവശ്യപ്പെട്ടു. സ്‌പീക്കർക്കെതിരായ പ്രമേയത്തിൽ മേലുള്ള ചർച്ച ജനാധിപത്യത്തിന്‍റെ വിജയമാണെന്ന് എം.കെ മുനീർ പറഞ്ഞു. സ്‌പീക്കർ ഭൂരിപക്ഷത്തിന്‍റെ പിന്തുണയിൽ കസേരയിൽ ഇരിക്കുന്നതിനു മുൻപ് സ്വയം ചിന്തിക്കണമെന്നും മുനീർ ആവശ്യപ്പെട്ടു.
മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലല്ല വസ്‌തുതയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷം ആരോപണം ഉന്നയിക്കണമെന്ന് എം.സ്വരാജ് ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസിയെ കണ്ടപ്പോർ ഓടി രക്ഷപ്പെട്ട പ്രതിപക്ഷ അംഗത്തെ പോലെയല്ല ഭരണപക്ഷത്തുള്ളവരെന്നും ഊഹാപോഹങ്ങളുടെ പേരിൽ സ്‌പീക്കറെ വിചാരണ ചെയ്യുന്നത് ശരിയല്ലെന്നും സ്വരാജ് പറഞ്ഞു.
സ്വരാജിന് പിന്നാലെ സംസാരിക്കാനെത്തിയ രമേശ് ചെന്നിത്തലയും രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്. നിയമസഭയുടെ അന്തസിനെ ഇടിച്ചു താഴ്‌ത്തിയ സ്‌പീക്കറായി ശ്രീരാമകൃഷ്ണനെ ചരിത്രം രേഖപ്പെടുത്തുമെന്നും കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് സ്‌പീക്കറുടെ കസേര മറിച്ചിട്ട സംഘത്തിലെ അംഗമായ ശ്രീരാമകൃഷ്‌ണന് യോഗ്യതയില്ലെന്നും അദ്ദേഹം ആരോപിച്ചു. കള്ളക്കടത്തുകാരുടെ സുഹൃത്തായ ആദ്യ സ്‌പീക്കറാണ് ഇപ്പോഴുള്ളതെന്നും പേഴ്‌സണൽ സ്‌റ്റാഫിനെ ചോദ്യം ചെയ്യുന്നത് തടയാൻ എന്തിനാണ് സ്‌പീക്കർ ശ്രമിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹമ പറഞ്ഞു. ലാളിത്യത്തിന്‍റെ പ്രതീകമായിരുന്ന ശങ്കരനാരായണൻ തമ്പിയുടെ പേരിൽ ഇത്രയും വലിയ ധൂർത്ത് കാണിക്കാൻ കമ്യൂണിസ്‌റ്റുകാരനായ സ്‌പീക്കർക്ക് എങ്ങനെ തോന്നിയെന്ന് അറിയില്ലെന്നും 76 കോടി രൂപയ്‌ക്ക് നിർമിച്ച നിയമസഭാ മന്ദിരത്തിൽ 64 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ ഈ സ്‌പീക്കർ നടത്തി കഴിഞ്ഞെന്നും പാർട്ടിക്കാരനായാണ് സ്‌പീക്കർ സഭയിൽ പെരുമാറുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.