തിരുവനന്തപുരം: പ്രതിപക്ഷ എംഎൽഎ മാർക്കെതിരെ ഏകപക്ഷീയമായി കേസെടുത്ത നടപടി പിൻവലിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത് വന്നതോടെ നിയമസഭ ബഹളത്തിൽ മുങ്ങി. ചോദ്യോത്തരവേള തുടങ്ങുന്നതിന് മുൻപ് ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ പ്രതിപക്ഷ നേതാവ് സതീശൻ സർക്കാർ ഏകപക്ഷീയമായി മുന്നോട്ട് നീങ്ങുകയാണെന്ന് ആരോപിച്ചു. ഒരു ചർച്ചയ്ക്കും തയ്യാറാകാതെ പ്രതിപക്ഷത്തെ മനപൂർവം പ്രകോപിപ്പിച്ച് മുന്നോട്ട് പോകാനാണ് സർക്കാർ ശ്രമം.
ഏഴ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസെടുത്ത ഏകപക്ഷീയ നടപടി അംഗീകരിക്കില്ല. രാഹുൽ ഗാന്ധിയുടെ വീട്ടിലേക്ക് പൊലീസിനെ അയച്ച നരേന്ദ്ര മോദിയുടെ അതേ മനോഭാവമാണ് എൽഡിഎഫ് സർക്കാരിനും. സർക്കാർ ഈ നിലപാട് തുടരുന്ന സാഹചര്യത്തിൽ സഭ നടപടികളുമായി സഹകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതോടെ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കുകയായിരുന്നു. ഇത് അവഗണിച്ച് ചോദ്യോത്തര വേളയുമായി സ്‌പീക്കര്‍ മുന്നോട്ട് പോകുകയായിരുന്നു. എന്നാല്‍ പിന്നീട് പ്രതിഷേധം ശക്തമായതോടെ 11 മണി വരെ നിയമസഭ നടപടികള്‍ നിര്‍ത്തി വച്ചു. സർക്കാർ ചർച്ചയ്ക്ക് തയ്യാറാകുന്നില്ലെങ്കിൽ സഭ നടപടികളുമായി സഹകരിക്കേണ്ടതില്ലെന്ന് നിയമസഭ ആരംഭിക്കുന്നതിന് തൊട്ടു മുൻപ് ചേർന്ന യുഡിഎഫ് പാർലമെന്‍ററി പാർട്ടി യോഗം തീരുമാനിച്ചിരുന്നു.