തിരുവനന്തപുരം: വാളയാർ വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിച്ച അടിയന്തര പ്രമേയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട അടിയന്തര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ തള്ളി. സ്പീക്കറുടെ നിലപാട് പുന:പരിശോധിക്കണമെന്ന ആവശ്യവും തള്ളിയതോടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
വാളയാർ വിഷയത്തിൽ ശിശുക്ഷേമ സമിതി ജില്ലാ അധ്യക്ഷൻ പ്രതികൾക്ക് വേണ്ടി ഹാജരായ സംഭവം സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട് വി.ടി ബൽറാം എം.എൽ.എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. എന്നാൽ അടിയന്തരമായി വിഷയം പരിഗണിക്കേണ്ട സാഹചര്യം നിലവിലില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. പല തവണ ഈ വിഷയം സഭയിലുന്നയിച്ചതാണ്. ആവശ്യമെങ്കിൽ ശൂന്യവേളയിൽ ഇക്കാര്യം അവതരിപ്പിക്കാമെന്നും പ്രതിപക്ഷത്തോട് സ്പീക്കർ പറഞ്ഞു.
എന്നാൽ സ്പീക്കർ നിലപാട് പുന:പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുൻപ് ഇത്തരം സാഹചര്യത്തിൽ പ്രമേയത്തിന് അനുമതി നൽകിയിട്ടുണ്ടെന്നും വാളയാർ കേസിൽ പ്രോസിക്യൂഷന്റെ ഇടപെടൽ ഓരോ ദിവസവും പുറത്ത് വരികയാണെന്നും രമേശ് ചെന്നിത്തല സഭയിൽ പറഞ്ഞു. എന്നാൽ സ്പീക്കർ നിലപാട് കടുപ്പിച്ചതോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കറുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് വാക്കൗട്ട് നടത്തി.