തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം. കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ ഡോ. അരുണയെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് ഡോക്ടർമാരുടെ പ്രതിഷേധം. എമർജൻസിയും ഐസിയുകളും കൊവിഡ് സേവനങ്ങളും ഒഴികെയുള്ളവ നിർത്തിവച്ചാണ് രണ്ടുമണിക്കൂർ പ്രതിഷേധം. തുടർന്ന് 48 മണിക്കൂർ റിലേ സത്യാഗ്രഹം ആരംഭിക്കും. സമരം ഫലം കണ്ടില്ലെങ്കിൽ കൊവിഡ് ജോലികൾ ഒഴികെയുള്ള മുഴുവൻ സേവനങ്ങളും ബഹിഷ്കരിച്ച് സമരം ശക്തമാക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.
കെജിഎംഒഎയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ സമരം സർക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നതിനാൽ ചർച്ച തുടരാനാണ് സർക്കാർ ശ്രമം. സാലറി കട്ടിൽ നിന്ന് ആരോഗ്യപ്രവർത്തകരെ ഒഴിവാക്കാത്തതിൽ കെജിഎംഒഎ നേരത്തെ പ്രതിഷേധം അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാരുമായി ചർച്ച നടത്തിയെങ്കിലും ധാരണയാകാത്തതിൻ്റെ അമർഷം നിലനിൽക്കുന്നതിനിടെയാണ് പുതിയ പ്രശ്നം ഉടലെടുത്തത്. കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണം പതിനായിരത്തോടടുക്കുന്ന ഘട്ടത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം കൊവിഡ് ഇതര സേവനങ്ങളെ കാര്യമായി ബാധിക്കും.
പ്രധാനപ്പെട്ട മറ്റു പല ആശുപത്രികളും കൊവിഡ് ആശുപത്രികളാക്കിയതിനാൽ മെഡിക്കൽ കോളേജ് ഒ പി യിൽ കൂടുതൽ രോഗികൾ സേവനം തേടുന്നുണ്ട്. ഹെഡ് നഴ്സുമാരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് നഴ്സുമാരും ഇന്ന് കരിദിനം ആചരിക്കുന്നുണ്ട്.