തിരുവനന്തപുരം: സോളാർ കേസിൽ ഇനിയും കൂടുതൽ വിവരങ്ങൾ പുറത്ത് വരാനുണ്ടെന്നും സമീപ ദിവസങ്ങളിൽ എല്ലാം പുറത്തു വരുമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന വെളിപ്പെടുത്തൽ പുറത്ത് പറഞ്ഞാൽ വേദനിക്കുന്ന ചിലരുണ്ട്. അതുകൊണ്ട് അത് വെളിപ്പെടുത്താൻ തനിക്ക് സാധിക്കില്ല. സോളാർ കേസും ബാർ കേസും എത്ര കാലമായി കേരളം ചർച്ച ചെയ്യുന്നതാണ്. ഇപ്പോൾ വീണ്ടും ചർച്ച ചെയ്യുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
പിണറായി സർക്കാരിന് ഒരു നേട്ടവും അവകാശപ്പെടാനില്ല. ഗവൺമെന്‍റ് പദ്ധതികൾ പരസ്യങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. ഇത്രയധികം പിൻവാതിൽ നിയമനങ്ങൾ നടന്ന കാലമില്ല. അഴിമതിയും സ്വജന പക്ഷപാതവുമാണ് സർക്കാരിന്‍റെ നേട്ടം. കിഫ്ബി വഴി വികസനത്തിന് പണം കടമെടുക്കുന്നതിൽ തെറ്റില്ല. പക്ഷേ തിരിച്ചടവിന്‍റെ കാര്യത്തിൽ വ്യക്തത വേണം. നല്ല പൊതുമേഖല സ്ഥാപനമായ കെഎസ്എഫ്ഇക്ക് എന്തു പറ്റിയെന്നറിയില്ലെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.