വ്യാപാരികളുമായി ചർച്ച ; മുഖ്യമന്ത്രിയുടേത് വൈകിവന്ന വിവേകം: ഉമ്മൻ ചാണ്ടി - ലോക്ക്ഡൗൺ ഉമ്മൻ ചാണ്ടി
വ്യാപാരികളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന് പിന്നാലെയാണ് ജൂലൈ 15 മുതൽ എല്ലാ ദിവസവും കടകൾ തുറക്കുമെന്ന തീരുമാനത്തിൽ നിന്ന് വ്യാപാരികൾ പിന്മാറിയത്.

തിരുവനന്തപുരം: വ്യാപാരികളോട് ചർച്ച നടത്താനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം വൈകിവന്ന വിവേകമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വ്യാപാരികളുടേത് ന്യായമായ ആവശ്യമായിരുന്നു. അതിനോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ശരിയായില്ല. എങ്കിലും അദ്ദേഹം വ്യാപാരികളുമായി ചർച്ചയ്‌ക്ക് തയാറായത് സ്വാഗതാർഹമെന്നും ചർച്ചയിലൂടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രയോഗികമായ മാറ്റം വരുത്തണമെന്നും ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. എല്ലാം അടച്ചിടുന്നതിലൂടെ ലോകത്ത് എല്ലായിടത്തും മാറ്റമുണ്ടാകുന്നുണ്ടെങ്കിലും സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുറയുന്നില്ല. അതിനാൽ എല്ലാം അടച്ചിടുന്നതുകൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കാൻ കഴിയില്ല. അത് വലിയൊരു വിഭാഗം ജനതയ്‌ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയേയുള്ളൂ. ഇക്കാര്യത്തിൽ ശാസ്ത്രീയമായ പഠനം നടത്തി അവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
വ്യാപാര സ്ഥാപനങ്ങൾ ഒന്നടങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുമായി വ്യാപാരികൾ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ വ്യാഴാഴ്ച (ജൂലൈ 15) സംസ്ഥാനത്തുടനീളം കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്‌തിരുന്നു. തുടർന്ന് വ്യാപാരികളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന് പിന്നാലെയാണ് സമിതി തീരുമാനത്തിൽ നിന്ന് പിന്മാറിയത്.
Also Read: സമരത്തിൽ നിന്ന് പിന്മാറി വ്യാപാരികൾ; ജൂലൈ 16ന് മുഖ്യമന്ത്രിയുമായി ചർച്ച