തിരുവനന്തപുരം: പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കിയ നരേന്ദ്ര മോദി സര്‍ക്കാരും, പ്രവാസികള്‍ക്ക് പദ്ധതികളോ ആനുകൂല്യങ്ങളോ നടപ്പാക്കാത്ത ഇടത് സര്‍ക്കാരും പ്രവാസികളെ അങ്ങേയറ്റം അവഗണിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് മൂടിവയ്‌ക്കാനാണ് ലോക കേരള സഭയില്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നത്. പ്രവാസി ക്ഷേമത്തിന് പുതിയ പദ്ധതികള്‍ നടപ്പാക്കാനോ, യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പുനരധിവാസം പോലുള്ളവ തുടരാനോ പിണറായി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.
ലക്ഷക്കണക്കിന് പ്രവാസികള്‍ കൊവിഡ് മൂലം ജോലി നഷ്‌ടപ്പെട്ട് മടങ്ങിയെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവരെ സംരക്ഷിക്കാന്‍ നാമമാത്രമായ നടപടികള്‍ പോലും സ്വീകരിച്ചില്ല. ചെയ്‌ത കാര്യങ്ങളെ കുറിച്ച് ഒന്നും പറയാനില്ലാത്ത മുഖ്യമന്ത്രിക്ക് ഇന്‍ഷൂറന്‍സ് പോലെയുള്ള ചില പുതിയ പദ്ധതികള്‍ പരിഗണനയിലാണെന്ന് പറയേണ്ടി വന്നു. കൊവിഡ് കാലത്ത് മടങ്ങിയെത്തിയ പ്രവാസികളോടും മറുനാടന്‍ മലയാളികളോടും ഇടത് സര്‍ക്കാര്‍ കാട്ടിയ അവഗണന മറക്കാനാകില്ല.
ഇറാഖിലും ലിബിയയിലും യുദ്ധമുണ്ടായ അവസരത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ സഹായത്തോടെ കേരളം നടത്തിയ ഇടപെടലാണ് മലയാളി നഴ്‌സുമാരടക്കമുള്ള പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിച്ചതെന്ന കാര്യം മറക്കരുതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.