തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ നാളെ മുതൽ ആരംഭിക്കും. ഓരോ ക്ലാസിനും പ്രത്യേക സമയം ക്രമീകരിച്ചാകും പഠനം. വിക്ടേഴ്സ് ചാനൽ വഴി ക്ലാസുകൾ സംപ്രേക്ഷണം ചെയ്യും. രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയാണ് ക്ലാസുകൾ നടക്കുക. ഓരോ വിഷയത്തിലും പ്രൈമറി തലത്തിൽ അര മണിക്കൂറും, ഹൈസ്കൂൾ വിഭാഗത്തിന് ഒരു മണിക്കൂറും, ഹയർ സെക്കന്‍റി വിഭാഗത്തിന് ഒന്നര മണിക്കൂറും എന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസും ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്.
ഹയർ സെക്കന്‍ററി തലത്തിൽ രാവിലെ 8.30 മുതൽ 11 വരെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. രാത്രി ഏഴ് മുതൽ ഒൻപത് വരെ പുനസംപ്രേഷണം ഉണ്ടാകും. പത്താം ക്ലാസ് വിദ്യാർഥികൾക്ക് 11 മണി മുതൽ 12.30 വരെയാണ് ക്ലാസുകൾ. വൈകുന്നേരം 5.30 മുതൽ ഏഴ് വരെയാണ് പുനസംപ്രേഷണം. ഉച്ചയ്ക്ക് 12.30 മുതൽ ഒരുമണി വരെ രണ്ടാം ക്ലാസിനും മൂന്നാം ക്ലാസു മുതൽ ഏഴാം ക്ലാസുവരെയുള്ള കുട്ടികൾക്ക് തുടർന്നുള്ള അരമണിക്കൂർ ക്രമത്തിൽ 3.30 വരെയും ക്ലാസുകൾ നടക്കും. 3.30 മുതൽ 4.30 വരെ എട്ടിനും 4.30 മുതൽ 5.30 വരെ ഒൻപതിനും ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതൽ ജൂൺ ഏഴ് വരെ സംപ്രേഷണം ചെയ്യുന്ന ക്ലാസുകൾ ട്രയൽ അടിസ്ഥാനത്തിലാണെന്നും ജൂൺ എട്ട് മുതൽ 14 വരെ ഇതേ ക്ലാസുകൾ പുനസംപ്രേഷണം ചെയ്യുമെന്നും കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. ഇന്‍റർനെറ്റ് സൗകര്യം ഇല്ലാത്തവർക്കായി സ്കൂൾ തലത്തിൽ സൗകര്യമൊരുക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്. വിവിധ ഓൺ ലൈൻ ആപ്ലിക്കേഷനുകൾ വഴി കോളജുകളിലും നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും.