തിരുവനന്തപുരം: ഓണ വിപണി പൊടിപൊടിച്ച് തലസ്ഥാനത്തെ വഴിയോര കച്ചവടം. മഴ കാരണം കഴിഞ്ഞ ദിവസങ്ങളില്‍ മന്ദഗതിയിലായ കച്ചവടമാണ് വീണ്ടും സജീവമായത്. സാധാരണക്കാരന്‍റെ ബഡ്ജറ്റില്‍ ഒതുങ്ങുന്ന തുണിത്തരങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. നാളെ ഓണം വാരാഘോഷം കൂടി ആരംഭിക്കുന്നതോട തിരക്ക് വര്‍ദ്ധിക്കും.
ഓണ്‍ലൈന്‍ കച്ചവടവും ഷോപ്പിങ് മാളുകളും വിപണി കയ്യടക്കിയ കാലത്തും സാധാരണക്കാരെ ആകര്‍ഷിക്കുകയാണ് കിഴക്കേകോട്ട നായനാര്‍ പാര്‍ക്കിന് മുന്നിലെ വഴിയോര കച്ചവടം. ഷര്‍ട്ട്, മുണ്ട്, സാരി എന്നിങ്ങനെ ഓണക്കോടിക്ക് വേണ്ട എല്ലാ തുണിത്തരങ്ങളും കുറഞ്ഞ വിലക്ക് ഇവിടെ ലഭ്യമാകും. ബംഗളൂരു, കോയമ്പത്തൂര്‍, ബാലരാമപുരം എന്നിവിടങ്ങളില്‍ നിന്നാണ് കച്ചവടക്കാര്‍ തുണി എത്തിക്കുന്നത്. ഇത്തരത്തില്‍ പത്തോളം കടകളാണ് നഗരസഭയുടെ അനുമതിയോടെ വഴിയോര കച്ചവടം നടത്തുന്നത്. പഴയ ഓണക്കാലത്തേതിന് സമാനമായ കച്ചവടം ലഭ്യമല്ലെങ്കിലും ഉത്രാടത്തിനും തിരുവോണത്തിനും നല്ല കച്ചവടം ലഭിക്കുന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.