തിരുവനന്തപുരം: ബാലരാമപുരത്ത് വൃദ്ധയെ കുത്തേറ്റ് കരിച്ച നിലയില്‍ കണ്ടെത്തി. മംഗലത്ത്കോണം കാട്ടുനട ബി എസ് ഭവനില്‍ 71 വയസുളള ശ്യാമളയേയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനയിൽ കൊലപാതകമെന്ന് തെളിഞ്ഞു.
മരുമകള്‍ സജിത ചായയുമായി വൃദ്ധ കിടന്നിരുന്ന മുറിയില്‍ എത്തുമ്പോഴാണ് ശ്യാമള മരിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചെങ്കിലും വൈകിട്ടോടെ ഫോറന്‍സിക് പരിശോധനയിലാണ് കുത്തേറ്റതായി അറിയുന്നത്. വീട്ടിനുളളില്‍ രക്തം തളംകെട്ടികിടക്കുന്ന അവസ്ഥയിലാണ്.
മംഗലത്ത്കോണം ദേവീ ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ മകന്‍ ബിനുവും ഭാര്യ സജിതയും വിദ്യാര്‍ഥിയായ കൊച്ചുമകന്‍ അനന്ദുവുമാണ് താമസിക്കുന്നത്. അമ്പൂരിയില്‍ മറ്റൊരു മകനൊപ്പം താമസിച്ചിരുന്ന ശ്യാമള ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട് 10 ദിവസം മുമ്പാണ് ഇവിടത്തെ വീട്ടിലെത്തിയിരുന്നത്. റൂറല്‍ എസ് പി സ്ഥലം സന്ദര്‍ശിച്ചു.
കഴുത്തില്‍ കുത്തേറ്റ സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. ഫോറന്‍സിക്, വിരലടയാള, പൊലീസ് സ്ക്വാഡ് വിഭാഗങ്ങള്‍ വീട്ടില്‍ പരിശോധന നടത്തി.
ഭാര്യപിതാവിനെ കുത്തി കൊലപ്പെടുത്തി: അതേസമയം, കുടുംബ വഴക്കിനെ തുടര്‍ന്ന് ഇടുക്കി കഞ്ഞിക്കുഴിയില്‍ ഭാര്യാപിതാവിനെ യുവാവ് കുത്തിക്കൊലപ്പെടുത്തി. വെണ്‍മണി തെക്കന്‍തോണി സ്വദേശി തോട്ടത്തില്‍ ശ്രീധരനെയാണ് മകള്‍ സൗമ്യയുടെ ഭര്‍ത്താവ് കുഞ്ഞുകുട്ടന്‍ എന്നു വിളിക്കുന്ന അലക്‌സ് എന്ന യുവാവ് കുത്തികൊലപ്പെടുത്തിയത്.
അലക്‌സ് സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കിയിരുന്നതിനാല്‍ ഏറെ നാളായി സൗമ്യ പിതാവായ ശ്രീധരനൊപ്പമായിരുന്നു താമസം. സംഭവ ദിവസം ഉച്ചയ്‌ക്ക് ശേഷം വെണ്‍മണിയില്‍ എത്തിയ അലക്‌സ് സമീപത്തെ ബന്ധു വീട്ടില്‍ നിന്നിരുന്ന ശ്രീധരനോട് വഴക്കിടുകയും തുടര്‍ന്ന് ഇയാളെ കുത്തി വീഴ്‌ത്തുകയുമായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ശ്രീധരനെ തൊടുപുഴ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ആക്രമണത്തിന് പിന്നാലെ സംഭവ സ്ഥലത്ത് നിന്നും രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ കഞ്ഞിക്കുഴി പൊലീസ് വെണ്‍മണിയില്‍ നിന്നും പിടികൂടുകയായിരുന്നു. ശ്രീധരന്‍റെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
മരുമകന്‍റെ വെട്ടേറ്റ് വയോധിക കൊല്ലപ്പെട്ടു: ഇടുക്കി വാത്തിക്കുടിയില്‍ മരുമകന്‍റെ വെട്ടേറ്റ് വയോധിക കൊല്ലപ്പെട്ടിരുന്നു. വാത്തിക്കുടി സ്വദേശി ഭാസ്‌കരന്‍റെ ഭാര്യ രാജമ്മയെയാണ് ഇളയ മകളുടെ ഭര്‍ത്താവ് സുധീഷ് വെട്ടി കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഭാസ്‌കരനും വെട്ടേറ്റിരുന്നു.
ഏറെ കാലമായി സുധീഷും ഭാര്യയും ഭാസ്‌കരനും രാജമ്മയ്‌ക്കും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. മദ്യപിച്ചെത്തിയ സുധീഷ് ഭാസ്‌കരനെ ആക്രമിക്കുന്നതിനിടെ പിടിച്ചുമാറ്റാന്‍ എത്തിയതായിരുന്നു രാജമ്മ. വെട്ടേറ്റ ഇവര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണം എന്നാണ് വിവരം.
പിതാവിനെ കൊലപ്പെടുത്തി മകന്‍: തൃശൂര്‍ ചേര്‍പ്പില്‍ കഴിഞ്ഞ ദിവസം പിതാവിനെ യുവാവ് മര്‍ദിച്ച് കൊലപ്പെടുത്തിയിരുന്നു. ചിറമല്‍ ജോയ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ റിജോയെ പൊലീസ് കസ്‌റ്റഡിയില്‍ എടുത്തു.
റിജോ സ്ഥിരമായി മദ്യപിച്ച വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ റിജോ പിതാവിനെ ആക്രമിക്കുകയായിരുന്നു. അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോയിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.