തിരുവനന്തപുരം: പുതിയ കാലത്ത് സിനിമയുടെ നിലവാരത്തെ കുറിച്ച് ചിന്തയില്ലാത്ത ഒരു സമൂഹത്തിലാണ് നമ്മൾ ഇപ്പോൾ എത്തിയിരിക്കുന്നതെന്ന് സംവിധായകൻ രഞ്ജൻ പ്രമോദ് Renjan pramod. സിനിമയുടെ കോൺസെപ്റ്റ് തന്നെ അറിയാത്ത രീതിയാണ് പ്രേക്ഷകരുടേതെന്നാണ് സംവിധായകന്‍റെ അഭിപ്രായം. തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ഓ ബേബി' O Baby സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താസമ്മേളനത്തിൽ തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സിനിമയുടെ ആയുഷ്‌കാലം മുഴുവൻ സിനിമ തിയേറ്ററിൽ തന്നെ തുടരാൻ കഴിയില്ല. തന്‍റെ അദ്യത്തെ സിനിമകളിൽ പലതും ജനങ്ങൾ ഒടിടിയിലും ടിവി സ്ക്രീനിലുമാണ് കണ്ടത്. പക്ഷേ, ഒരു സിനിമ പുറത്തിറങ്ങുമ്പോൾ ആ കാലഘട്ടത്തിലെ തലമുറയ്ക്ക് മാത്രമേ തിയേറ്ററിൽ ഇരുന്ന് സിനിമ കാണാനുള്ള ഭാഗ്യമുണ്ടാകുന്നുള്ളു. അതൊരു ഭാഗ്യമായാണ് കാണുന്നത്. അതിന്‍റെ നിലവാരത്തെ പ്രേക്ഷകർ ഇന്ന് കാണുന്നില്ല.' - സംവിധായകൻ രഞ്ജൻ പ്രമോദ് പറഞ്ഞു.
'സിനിമയുടെ കോൺസെപ്റ്റ് തന്നെ അറിയാത്ത രീതിയിലാണ് പ്രേക്ഷകർ പലപ്പോഴും. കഥ മനസിലാക്കാൻ ചിലപ്പോൾ സിനിമയെക്കാൾ നല്ലത് പുസ്‌തക വായനയായിരിക്കാം. എന്നാൽ സിനിമാറ്റിക് എക്‌സ്‌പീരിയൻസ് ആണ് ഇവിടെ നഷ്‌ടമാകുന്നത്. അതിന്‍റെ അസ്ഥിക്കൂടം മാത്രമേ പ്രേക്ഷകൻ ആവശ്യപ്പെടുന്നുള്ളു ഇപ്പോൾ. എല്ലാ സിനിമകളോടും പ്രേക്ഷകർ എടുക്കുന്ന സമീപനമാണ് ഇത്.' - രഞ്ജൻ പ്രമോദ് കൂട്ടിച്ചേര്‍ത്തു.
'സിനിമയെ സൗജന്യമായി കാണണമെന്ന നിലപാടിലേക്കാണ് ജനങ്ങൾ ഇന്ന് എത്തുന്നത്. 'ഒ ബേബി' സിനിമയ്ക്കായി ഒന്നര വര്‍ഷത്തോളം താൻ ചെലവഴിച്ചു. ഇതിങ്ങനെ തുടർന്നാൽ ഞങ്ങൾക്ക് കാശ് ലഭിക്കില്ല എന്നതാണ് ഏറ്റവും വലിയ കുഴപ്പം. ഒടിടിയിൽ പോലും വരുന്ന സിനിമകൾ ജനങ്ങൾ ടെലിഗ്രാം ഉപയോഗിച്ചാണ് കാണുന്നത്. ഒടിടിക്കാർ സിനിമയുടെ പ്രൊഡക്ഷൻ തുകയാണ് ചോദിക്കുന്നത്. എന്നാൽ സിനിമയുടെ വില അതിന്‍റെ നിർമാണ ചിലവ് മാത്രമല്ല. നിർമാണ ചെലവ് മാത്രമാണ് ഒടിടിക്കാർ നൽകുന്നത്.' - അദ്ദേഹം പറഞ്ഞു.
'തിയേറ്ററിൽ സിനിമ റിലീസ് ചെയ്‌ത് കഴിഞ്ഞാൽ അവിടേയ്‌ക്ക് ജനങ്ങൾ എത്താൻ വീണ്ടും തുക ചിലവഴിക്കണം. തിയേറ്ററിലേക്ക് ജനങ്ങൾ വരുന്നില്ല. പല സ്ക്രീനുകളും അടച്ചിട്ടിരിക്കുകയാണ്. ഒടിടിക്ക് വേണ്ടി സിനിമ ചെയ്യുന്നവരുമുണ്ട്. എന്നാൽ അതിൽ ജോലി ചെയ്യുന്ന പലർക്കും ഒരു രൂപ പോലും കിട്ടിയിട്ടില്ല. നിലവാരമുള്ള സിനിമ എന്ന ഖ്യാതി ഒരു സിനിമയ്ക്ക് ലഭിച്ചാൽ സിനിമ തിയേറ്ററിൽ പോയി കാണേണ്ടതില്ല എന്നാണ് പ്രേക്ഷകർ സിനിമയെ കുറിച്ച് മനസിലാക്കുന്നത്.' - സംവിധായകന്‍ പറഞ്ഞു.
'ചില യൂട്യൂബ് ചാനലുകളും ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകളും നേരത്തെ സിനിമയുടെ പ്രൊമോഷൻ ആവശ്യപ്പെട്ടിട്ട് ചിലപ്പോൾ അത് ലഭിക്കാതെ വന്നാൽ പക്ഷപാതപരമായി പെരുമാറുന്നു. സിനിമയുടെ വിമർശനം വളരെ അറിഞ്ഞു പഠിച്ച് ചെയ്യേണ്ട കാര്യമാണ്. സിനിമയെ റിവ്യൂ ചെയ്യാൻ എഡിറ്റിങ് അല്ല, സിനിമ തന്നെയാണ് പഠിക്കേണ്ടത്.
സോഷ്യൽ മീഡിയ കാലത്ത് ആർക്ക് വേണമെങ്കിലും മൊബൈൽ ഫോൺ വഴി സിനിമയെ കുറിച്ച് തല്ലിപ്പൊളി പടമാണെന്ന് വിമർശിക്കാം. ഇതു കാണുന്ന നൂറോ അമ്പതോ പേർ ആ സിനിമ കാണേണ്ട എന്ന് തീരുമാനിച്ചേക്കാം. അങ്ങനെയുള്ള പ്രശ്‌നങ്ങൾ റിവ്യൂയിലൂടെ സംഭവിക്കുന്നു. റിവ്യൂ ചെയ്യുന്ന പലരും പൈസ വാങ്ങുന്നുണ്ട്. കാശ് കൊടുത്ത് റിവ്യൂ ചെയ്യിക്കുന്നത് തനിക്ക് താല്‍പര്യമുള്ള കാര്യമല്ല.' - രഞ്ജൻ പ്രമോദ് വ്യക്തമാക്കി.
'മുൻപൊക്കെ സിനിമ റിലീസ് കഴിഞ്ഞാൽ പലരും ഇന്‍റര്‍വ്യൂവൊക്കെ ചെയ്യുമായിരുന്നു. ഇപ്പോൾ സിനിമയുടെ റിലീസ് കഴിഞ്ഞാൽ ഇന്‍റര്‍വ്യൂ ചെയ്യാൻ പോലും കാശ് ആവശ്യപ്പെടുന്ന സാഹചര്യമുണ്ട്. കാശ് ചോദിക്കാത്ത മീഡിയ ഇപ്പോൾ വളരെ കുറവാണ്. എല്ലാ റേറ്റിങും കാശ് കൊടുത്ത് ചെയ്യുന്നതാണ്. എസ്‌റ്റാബ്ളിഷ് ആയ പത്രങ്ങളും ചാനലുകളും ചെയ്യുന്ന പോലെയല്ല, ഇന്ന് ആർക്കും റിവ്യൂ ചെയ്യാനാകും.
സിനിമയുടെ അഭിപ്രായം ഒരു സുഹൃത്തിനോട് പറയുന്ന പോലെയല്ല സമൂഹ മാധ്യമങ്ങളിൽ പറയുമ്പോൾ. സത്യമറിയാൻ കഴിയാത്ത കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പോസ്‌റ്റ് ട്രൂത്ത് കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സൂപ്പർ താരങ്ങളെവച്ച് സിനിമ എടുത്താൽ താരങ്ങളെ ഫോളോ ചെയ്യുന്നവർ ഇത് നേരത്തെ അറിയും. സിനിമയുടെ പ്രചാരണത്തിന് ഇത് സഹായിക്കും. ഓ ബേബി എന്ന സിനിമ പുതുമുഖങ്ങള്‍ ഉള്ളത് കൊണ്ട് ഇത്തരത്തിൽ പൂർത്തീകരിക്കാൻ സാധിക്കും. ന്യൂ ജനറേഷൻ എല്ലാ കാലത്തും പഴയ കാലഘട്ടത്തേക്കാൾ മികച്ചതാണെന്ന് തോന്നിയിട്ടുണ്ട്.' - സംവിധായകന്‍ രഞ്ജൻ പ്രമോദ് പറഞ്ഞു.