തിരുവനന്തപുരം: തലസ്ഥാനത്ത് രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ പരിശോധന നടത്താനൊരുങ്ങി ആരോഗ്യ വകുപ്പ്. ബുധനാഴ്ച ആരോഗ്യ പ്രവർത്തകരുടെ 36 സംഘങ്ങൾ ജില്ലയിലെ വിവിധ മേഖലകളിൽ പരിശോധന നടത്തും. പതിനെട്ട് പേരിൽ പരിശോധന നടത്തുമ്പോൾ ഒരാൾ കൊവിഡ് പോസിറ്റീവാകുന്ന സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കുന്നത്. 50 ടെസ്റ്റുകൾ വരെ ഒരു സംഘത്തിന് നടത്താനാകും. ഇത്തരത്തിൽ 1800 ടെസ്റ്റുകളാണ് പരമാവധി നടത്താൻ സാധിക്കുന്നത്. ആന്‍റിബോഡി, ആന്‍റിജെൻ പരിശോധനകളും സംഘടിപ്പിക്കും. രോഗലക്ഷണം ഉള്ളവരുടെ സ്രവ പരിശോധന വർധിപ്പിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ, പരിശോധന ഫലം വൈകുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
തീവ്രബാധിത ക്ലസ്റ്ററിന് പുറമെ, നഗരത്തിന്‍റെ വിവിധ ചന്തകളും വ്യാപാര കേന്ദ്രങ്ങളും ഉൾപ്പെടുത്തിയാണ് പരിശോധന. കഴിഞ്ഞ ദിവസം 88 കയറ്റിറക്ക് തൊഴിലാളികൾക്ക് രോഗം ബാധിച്ച കിൻഫ്ര വ്യവസായ പാർക്കിൽ ഇന്ന് കൂടുതൽ പരിശോധന നടക്കും. ചൊവ്വാഴ്‌ച 300ഓളം ജീവനക്കാരെ പരിശോധിച്ചപ്പോഴാണ് 88 പേർക്ക് കൊവിഡ് പോസിറ്റീവായത്. നഗര മേഖലകളും തീരദേശ മേഖലകളും കൂടാതെ ഗ്രാമപ്രദേശങ്ങളിലേക്കും അധികൃതർ പരിശോധന വ്യാപകമാക്കുകയാണ്. കാട്ടാക്കട, പൂവച്ചൽ, ആര്യനാട്, പാറശാല തുടങ്ങിയ ഗ്രാമ പ്രദേശങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കുകയാണ്. എല്ലാവരേയും പരിശോധിക്കുകയല്ല പകരം, കൊവിഡ് മാനദണ്ഡപ്രകാരം പരമാവധി പരിശോധന എന്നതാണ് ലക്ഷ്യമെന്ന് തിരുവനന്തപുരം ഡിഎംഒ ഡോ. ഷിനു അറിയിച്ചു.