തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവര്‍ഷം ചൊവ്വാഴ്‌ചയെത്തുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. അഞ്ചുനാള്‍ തുടര്‍ച്ചയായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തുലാവര്‍ഷത്തിന് മുന്നോടിയായുള്ള വടക്കുകിഴക്കന്‍ കാറ്റിന്റെ സ്വാധീനത്തിലാണ് വ്യാപക മഴയ്ക്ക് സാധ്യതയുള്ളത്.
മിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.
യെല്ലോ അലര്‍ട്ട് - ചൊവ്വാഴ്ച
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
യെല്ലോ അലര്‍ട്ട് - ബുധനാഴ്ച
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
മലയോര മേഖലയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായത് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.
മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും ഉള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
Also Read: ദത്ത് കേസ്; തുടര്‍നടപടികള്‍ സ്റ്റേ ചെയ്‌ത് ജില്ല കുടുംബകോടതി