തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കുള്ള സർവകലാശാലയായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗിനെ (നിഷ്) ഉയർത്തുമെന്ന് ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഇതിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഈ സർക്കാരിന്റെ കാലത്ത് തന്നെ പദ്ധതി നടപ്പിലാക്കും. നിഷിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കാനും നിലവിലുള്ള കോഴ്‌സുകൾ പരിഷ്‌കരിക്കാനുമുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. നിഷിന്റെ 22-ാം വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
നിഷിന്റെ പ്രവർത്തനങ്ങൾ മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച് ടൂറിസം- സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേൾവി-സംസാര പരിമിതികൾ അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും സൗകര്യവും നൽകുന്ന നിഷിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണ്. ശ്രുതിതരംഗം, കാതോരം, ധ്വനി പോലുള്ള പദ്ധതികൾ ഏറെ മികവുറ്റതാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കുളത്തൂർ വാർഡ് കൗൺസിലർ ശിവദത്ത്, സാമൂഹ്യനിതി വകുപ്പ് ഡയറക്ടർ ഷീബ ജോർജ്, നിഷ് മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.ജി സതീഷ്‌കുമാർ, വിദ്യാർഥികൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. കായിക-വിദ്യാഭ്യാസ രംഗത്ത് മികവു തെളിയിച്ച കുട്ടികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു.