തിരുവനന്തപുരം: ജനുവരി മൂന്നിന് കോഴിക്കോട് നടക്കാനിരിക്കുന്ന സംസ്ഥാന കലോത്സവത്തില്‍ മാര്‍ഗം കളിയില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ ആവശ്യം കോടതി തള്ളി. മൂന്നാം അഡീഷണല്‍ മുന്‍സിഫ് കോടതി ജഡ്‌ജി ജയന്താണ് ഹര്‍ജി തള്ളിയത്. തിരുവനന്തപുരം നിര്‍മല ഭവന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ടീം മാനേജര്‍ കുമാരപുരം മോസ്‌ക് ലൈന്‍ സ്വദേശി ബെന്‍സി ജോര്‍ജ്ജാണ് ഹര്‍ജി സമര്‍പ്പിച്ചത്.
സംസ്ഥാന കലോത്സവം തടസപ്പെടുത്താനാണ് ഹര്‍ജിക്കാരിയുടെ ശ്രമമെന്ന് ഹര്‍ജി പരിഗണിക്കവെ കോടതി കുറ്റപ്പെടുത്തി. ഹര്‍ജിക്കാരിയുടെ പരാതിയില്‍ ഒരു സിവില്‍ തര്‍ക്കം ഇല്ലാത്തതിനാല്‍ കേസ് സിവില്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ വാദവും കോടതി അംഗീകരിച്ചു.
നേരത്തേ ഇത്തരം അപ്പീലുകള്‍ ലോകായുക്തയാണ് പരിഗണിച്ചിരുന്നത്. ഹര്‍ജിക്കാരിയുടെ ആവശ്യം പരിഗണിച്ചാല്‍ നിലവില്‍ തയ്യാറാക്കിയിട്ടുള്ള കലോത്സവത്തിന്‍റെ ഷെഡ്യൂളുകള്‍ മാറി മറിയുമെന്നും അത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്ന സര്‍ക്കാര്‍ ആശങ്കയും കോടതി പരിഗണിച്ചു. റവന്യൂ കലോത്സവത്തില്‍ മാര്‍ഗം കളിയില്‍ രണ്ടാം സ്ഥാനക്കാരായ നിര്‍മല ഭവന്‍ സ്‌കൂള്‍ അന്ന് തന്നെ നല്‍കിയ അപ്പീല്‍ തള്ളിയിരുന്നു.
ഇതിനെതിരെയാണ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ടീം മാനേജര്‍ കോടതിയെ സമീപിച്ചത്. സര്‍ക്കാറിന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീനാണ് ഹാജരായത്.