തിരുവനന്തപുരം: നിപ പരിശോധനയ്ക്കയച്ച 7 സാമ്പിളുകൾ കൂടി നെഗറ്റീവ് (Samples sent for Nipah test were negative). ഇന്നലെ കോഴിക്കോട് നിന്ന് പരിശോധനയ്ക്കയച്ച സാമ്പിളുകളാണ് നെഗറ്റീവായത്. പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിൽ 6 സാമ്പിളുകളുടെ ഫലം കൂടി ഇനിയും വരാനുണ്ട്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്തത് ഏറെ ആശ്വാസം നൽകുന്നതാണ് (No new cases were reported). ഇന്നലെ ലഭിച്ച 27 പരിശോധന ഫലങ്ങളും നെഗറ്റീവായതായിരുന്നു.
ഇതുവരെ 365 സാമ്പിളുകളാണ് സംസ്ഥാനത്ത് നിന്ന് പരിശോധനയ്ക്കായി അയച്ചത്. സമ്പര്‍ക്ക പട്ടികയിലുള്ള 981 പേരാണ് ഐസൊലേഷനിലുള്ളത്. ഇവർ നിരീക്ഷണത്തിൽ തുടരും (observation in isolation). ഐസൊലേഷനിലുള്ളവര്‍ 21 ദിവസം ഐസൊലേഷനില്‍ തന്നെ തുടരണമെന്നാണ് നിർദ്ദേശം. ഇവർ കൃത്യമായി മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. നിപ സ്ഥിരീകരിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള 9 വയസുകാരന്‍റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്‌തികരമാണ്. നിപ പ്രതിരോധത്തിന്‍റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. വൈറസിന്‍റെ ഉറവിടം കണ്ടെത്തുന്നതിനുള്ള പരിശോധനകൾ നടക്കുകയാണ്.
പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾക്ക് സാധ്യത. ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്. തിങ്കളാഴ്‌ച മുതൽ അത് കർശന വ്യവസ്ഥകളോടെ തുറന്ന് പ്രവർത്തിക്കാൻ കഴിയുമോ എന്നതിൽ തീരുമാനമുണ്ടാകും.
മറ്റ് ജില്ലകളിൽ സാധാരണ രീതിയിൽ ക്ലാസ് തുടരുമ്പോൾ ജില്ല ഒന്നാകെ അടച്ചിട്ട നടപടിക്കെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. ഓൺലൈൻ ക്ലാസുകൾ കൊണ്ട് പ്രത്യേകിച്ച് നേട്ടമൊന്നും ഇല്ല എന്ന വിലയിരുത്തലും ജനങ്ങൾക്കിടയിലുണ്ട്. അതിനിടെ വടകര താലൂക്കിലെ മുഴുവൻ കണ്ടെയ്ൻമെന്‍റ് സോണുകളും ഒഴിവാക്കി. എന്നാൽ പോസിറ്റീവ് ആയവരുമായി അടുത്ത സമ്പർക്കമുണ്ടായതിനെ തുടർന്ന് ക്വാറന്‍റൈനിൽ കഴിയുന്നവർ ആരോഗ്യവകുപ്പിന്‍റെ നിർദേശം ലഭിക്കുന്നതുവരെ ക്വാറന്‍റൈനിൽ തുടരേണ്ടതാണ്. വടകര താലൂക്കിൽ നിപ പോസിറ്റീവ് ആയവരുമായും സമ്പർക്കമുണ്ടായിരുന്ന എല്ലാവരെയും ഇതിനകം കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്.
മറ്റ് നിയന്ത്രണങ്ങൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുടരും. അതേസമയം സമ്പർക്ക പട്ടികയിൽ ഉളള ആളുകളും നിരീക്ഷണത്തിലുള്ള ആളുകളും കർശനമായ നിയന്ത്രണങ്ങൾ പാലിക്കേണ്ടതും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന കാലയളവ് വരെ ക്വാറന്‍റൈനിൽ കഴിയേണ്ടതുമാണെന്ന് ജില്ല കലക്‌ടർ അറിയിച്ചു. നിപ ജാഗ്രതയെ തുടർന്ന് സൂചന 4 പ്രകാരം പൊതുവായി ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും തുടരും.
ALSO READ: പുതിയ കേസുകളില്ല; കോഴിക്കോട് ജില്ലയിൽ കൂടുതൽ ഇളവുകൾക്ക് സാധ്യത
ALSO READ: ബംഗാളിലും നിപ സംശയം: കേരളത്തില്‍ നിന്ന് മടങ്ങിയ തൊഴിലാളി നിപ ലക്ഷണങ്ങളോടെ ചികിത്സയില്‍
ALSO READ: പുതിയ കേസുകളില്ല, ആശ്വാസം: കണ്ടെയ്‌ന്‍റ്‌മെന്‍റ് സോണുകളിലെ നിയന്ത്രണങ്ങളിൽ ഇളവ്