തിരുവനന്തപുരം: അടുത്തകാലത്തായി കേരള പൊലീസിന് അത്ര നല്ലകാലമല്ല. തൊടുന്നതെല്ലാം വിവാദമാകുന്ന പൊലീസ് സേനയ്ക്ക് ആശ്വാസവും അഭിമാനവുമായി ഇതാ ഒരു വാർത്ത. നെയ്യാറ്റിൻകര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ വിരാലി സ്വദേശി ഷൈജുവാണ് ആ നല്ല വാർത്തയ്ക്ക് പിന്നിലെ ഉദ്യോഗസ്ഥൻ.
കടുത്ത ചൂടില്‍ അവശനായി എത്തിയ വികലാംഗനായ വൃദ്ധൻ പലരോടും സോപ്പു വാങ്ങി തരുമോയെന്ന് ചോദിച്ചു. എന്നാല്‍ കേട്ടവരാരും അദ്ദേഹത്തിന്‍റെ ആവശ്യം ചെവിക്കൊണ്ടില്ല. ഈ സമയം നെയ്യാറ്റിൻകര ആലുംമൂട് ജംഗ്ഷനിൽ പൊരി വെയിലത്ത് ട്രാഫിക്ക് ഡ്യൂട്ടിയിലായിരുന്നു ഷൈജു. ഷൈജുവിന്റെ അടുത്തെത്തിയ വൃദ്ധൻ സോപ്പു വാങ്ങി തരുമോയെന്ന് ചോദിച്ചു.
Also Read: ഹെല്‍മെറ്റ് ധരിക്കാത്തതിന് യുവാവിന് പൊലീസ് മര്‍ദനം
വൃദ്ധന്റെ ആവശ്യപ്രകാരം സമീപത്തെ കടയിൽനിന്ന് സോപ്പു വാങ്ങി നൽകി. സോപ്പുമായി പൊതു പൈപ്പിൽ വൃദ്ധൻ കുളിക്കാൻ ശ്രമിക്കുന്നത് ഷൈജുവിന്റെ ശ്രദ്ധയിൽപ്പെട്ടു. അംഗവൈകല്യമുള്ള ഇയാള്‍ക്ക് വെള്ളം ശരീരത്തിൽ ഒഴിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഇതോടെ സമീപത്തെ കടയിൽ നിന്നും ബക്കറ്റും കപ്പും വാങ്ങി ഷൈജു വൃദ്ധനെ കുളിപ്പിച്ചു. ശേഷം പുതു വസ്ത്രവും ഭക്ഷണവും നൽകി.
സംഭവമറിഞ്ഞ് മാധ്യമ പ്രവർത്തകർ എത്തിയെങ്കിലും താൻ ചെയ്തത് ജോലിയുടെ ഭാഗം മാത്രമാണെന്ന് പറഞ്ഞ് പൊലീസുകാരന്‍ ഒഴിഞ്ഞ് മാറി. ഇതാണ് ശരിക്കും പൊലീസ്.
Also Read: കരിച്ചാറാ പൊലീസ് അതിക്രമം; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ