തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം ഇന്നോ നാളെയോ രാജിവെച്ചേക്കും. ഇന്ന് (സെപ്‌റ്റംബര്‍ 2) ഉച്ചക്ക് ശേഷം ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനത്തിന് ശേഷമായിരിക്കും രാജി പ്രഖ്യാപിക്കുക. യോഗത്തില്‍ രാജി സംബന്ധിച്ചും പകരം ചുമതലയേല്‍ക്കുന്ന മന്ത്രിയെ സംബന്ധിച്ചും തീരുമാനമുണ്ടായേക്കും.
എം.വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം ഒഴിയുന്നതോടെ കണ്ണൂരില്‍ നിന്ന് മുഖ്യമന്ത്രിയല്ലാതെ മറ്റു മന്ത്രിമാരില്ലാത്തതിനാല്‍ എ.എന്‍ ഷംസീറിനെ പരിഗണിച്ചേക്കുമെന്ന് സൂചനയുണ്ട്. ചില മന്ത്രിമാരുടെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് പാര്‍ട്ടിയിലും മുന്നണിയിലും ഉയര്‍ന്ന ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ വകുപ്പുകളിലും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കോടിയേരി ബാലകൃഷ്‌ണന്‍ ആരോഗ്യകാരണങ്ങളാല്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെയാണ് ആ സ്ഥാനത്തേക്ക് തദ്ദേശഭരണ- എക്‌സൈസ് വകുപ്പുകളുടെ ചുമതലയുളള മന്ത്രി എം.വി ഗോവിന്ദനെ നിയോഗിച്ചത്.
രണ്ട് സ്ഥാനങ്ങളും ഒന്നിച്ച് വഹിക്കുക സിപിഎമ്മില്‍ സാധാരണമല്ലാത്തതിനാല്‍ അദ്ദേഹം മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്ന് ഉറപ്പായിരുന്നു. ഭരണഘടന വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന സജി ചെറിയാന്റെ ഒഴിവും നികത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ വകുപ്പുകളില്‍ ആവശ്യമായ അഴിച്ച് പണി കൂടി കണക്കിലെടുത്ത് തീരുമാനങ്ങളെടുക്കാന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗങ്ങളും പങ്കെടുത്ത സിപിഎം സംസ്ഥാന സമിതിയോഗം സംസ്ഥാന സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തിയിരുന്നു.
കൊച്ചിയില്‍ പ്രധാന മന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി ഉച്ചയോടെ തലസ്ഥാനത്ത് തിരിച്ചെത്തും. തുടര്‍ന്നാണ് യോഗം ചേരുക. യോഗം നാളെയും തുടരും.
also read: എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി, മന്ത്രിസഭയിലും മാറ്റം