ഹൈദരാബാദ്: ലോക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്ന മേഖലകളിലൊന്നാണ് വിദ്യാഭ്യാസ മേഖല. വര്‍ഷാവസാന പരീക്ഷകളും, ഉയര്‍ന്ന കോഴ്‌സുകളിലേക്കുള്ള പ്രവേശ പരീക്ഷകളും നടക്കുന്ന മാസങ്ങളില്‍ വന്നിരിക്കുന്ന നിയന്ത്രണങ്ങള്‍ വരുന്ന അധ്യായന വര്‍ഷത്തെ കാര്യമായി ബാധിക്കുമെന്നതില്‍ സംശയമില്ല. സിബിഎസ്ഇ, ഐസിഎസ്‌സി പരീക്ഷകള്‍ മുടങ്ങുന്നത് രാജ്യവ്യാപകമായി ബാധിക്കും.
കേരളത്തെ സാഹചര്യം പരിശോധിച്ചാല്‍ പത്താം ക്ലാസിലെ മൂന്ന് പരീക്ഷകളും പ്ലസ്ടുവിലെ രണ്ട് പരീക്ഷകളും, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററിയിലെ അഞ്ച് പരീക്ഷകളുമാണ് ബാക്കിയുള്ളത്. പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനുള്ള തയാറെടുപ്പിലാണ് സംസ്ഥാനങ്ങള്‍. കേരളം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി കഴിഞ്ഞിരിക്കുകയാണ്. പരീക്ഷകള്‍ വൈകാതെ തന്നെ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നേരത്തെ അഭിപ്രായപ്പെട്ടിരിന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ വീണ്ടും നീട്ടിയതിനാല്‍ അത് എത്രത്തോളം പ്രായോഗികമാകുമെന്നത് ചോദ്യമായി അവശേഷിക്കുന്നത്.
വീട്ടിലിരിക്കുന്ന വിദ്യാര്‍ഥികള്‍ പരീക്ഷകള്‍ക്ക് ഒരുങ്ങാനുള്ള സമയമാണെന്നാണ് വിദ്യാഭ്യാസവകുപ്പിന്‍റെ നിലപാട്. മുതിര്‍ന്ന ക്ലാസുകളിലല്ലാത്തവര്‍ക്കായി സമഗ്ര എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന് വിദ്യാഭ്യാസ വകുപ്പ് രൂപം നല്‍കിയിട്ടുണ്ട്. അവധിക്കാലം കളിച്ച് പഠിക്കാന്‍ സഹായിക്കുന്ന പാഠഭാഗങ്ങള്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതെല്ലാം നോക്കി, പഠിച്ച് അവധിക്കാലം സന്തോഷകരമാക്കണം. വരാനിരിക്കുന്ന പാഠഭാഗങ്ങള്‍ നേരത്തേ കളിച്ച് പഠിച്ച് തുടങ്ങണം. പക്ഷേ, പുറത്തിറങ്ങരുത്. ശ്രദ്ധയോടെ വീട്ടിലിരിക്കണമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞിരുന്നു.
വരുന്ന വര്‍ഷത്തെ വിദ്യാരംഭം എത്രത്തോളം വൈകുമെന്നതും ഉയരുന്ന ചോദ്യമാണ്. ജൂണ്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കാനാകുമെന്ന പ്രതീക്ഷ സംസ്ഥാന സര്‍ക്കാര്‍ പങ്കുവയ്‌ക്കുന്നുണ്ട്. എട്ടാം ക്ലാസ് വരെയുള്ള എല്ലാ പാഠപുസ്തകങ്ങളും ജില്ലാ ഹബ്ബുകളില്‍ എത്തിയിട്ടുണ്ട്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലേക്ക് ഉള്ള പുസ്തകങ്ങള്‍ വാഹനങ്ങള്‍ ഓടിത്തുടങ്ങിയാല്‍ ഉടനെത്തിക്കാനാകും. എല്ലാ പുസ്തകങ്ങളും അച്ചടിച്ച് തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി നേരത്തെ അറിയിച്ചിരുന്നു. യൂണിവേഴ്‌സിറ്റികളിലേക്ക് വരുന്ന വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തിലും ഇത്തവണ കാര്യമായ ഇടിവുണ്ടാകുമെന്നതില്‍ സംശയമില്ല. എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പു നല്‍കിയാലും രാജ്യം കടന്നുള്ള വിദ്യാഭ്യാസത്തില്‍ വരും വര്‍ഷങ്ങളില്‍ കുറവുണ്ടാകാനിടയുണ്ട്. വിദേശത്ത് നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് 28 ദിവസത്തെ ക്വാറന്‍റൈനിന് ശേഷം അഡ്‌മിഷന്‍ നല്‍കുമെന്നാണ് കേരളത്തിന്‍റെ പ്രഖ്യാപനം.
അതേസമയം ലോക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ സമ്പൂര്‍ണ അഴിച്ചുപണിക്ക് വഴിവെക്കുമെന്നും നിരീക്ഷണങ്ങളുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള ക്ലാസ് മുറി സംവിധാനത്തിന് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ട ആവശ്യകതയിലേക്കാണ് നിലവിലെ സാഹചര്യങ്ങള്‍ കൊണ്ടെത്തിക്കുന്നത്. സ്‌മാര്‍ട്ട് ക്ലാസ് റൂമുകള്‍ ആരംഭിച്ച് കേരളത്തിലെ വിദ്യാഭ്യാസ മേഖല വളരുന്നുണ്ടെങ്കിലും അന്താരാഷ്‌ട്ര തലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അത്ര വലിയ നേട്ടമായി അതിനെ വിശേഷിപ്പിക്കാന്‍ കഴിയില്ല. ക്ലാസ് മുറി സംവിധാനത്തിനും ഇപ്പോഴും മാറ്റം വരുന്നില്ലെന്നത് ഒരു പോരായ്‌മയാണ്. നിലവിലെ സാഹചര്യം പുത്തന്‍ പരീക്ഷണങ്ങള്‍ പറ്റിയ വേദിയാണ്. അതിനുള്ള മാര്‍ഗങ്ങള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കൈക്കൊള്ളുന്നുണ്ട്. ഇതുവഴി നിലവിലെ പ്രതിസന്ധി മറികടക്കാമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ മേഖല.