തിരുവനന്തപുരം: കൊവിഡ് പ്രതിരോധം പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ മേഖലയില്‍ കൂടുതല്‍ നിയമനങ്ങൾ നടത്താൻ തീരുമാനം. 24 മണിക്കൂർ കൊണ്ട് 700ഓളം നിയമനം നടത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഡോക്ടർമാരെയും ഹെൽത്ത് ഇൻസ്പെക്ടർമാരെയുമാണ് നിയമിക്കുക. 300 ഡോക്ടർമാരേയും 400 ഹെല്‍ത്ത് ഇൻസ്പെക്ടർമാരേയുമാണ് നിയമിക്കാൻ തീരുമാനിച്ചിരിക്കുന്നത്. നിലവിലെ പിഎസ്‌സി ലിസ്റ്റിൽ നിന്നാണ് നിയമനം നടത്തുന്നത്. കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തിൽ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ സജീവമാക്കാനാണ് സർക്കാർ നീക്കം. സംസ്ഥാനത്ത് സാമൂഹിക വ്യാപനം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുൻകരുതൽ നടപടികൾ സ്വീകരിക്കുകയാണ് ആരോഗ്യ വകുപ്പ്. കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കിടെ വൈറസ് ബാധിതരുടെ എണ്ണം കൂടിതയതോടെയാണ് ആരോഗ്യ വകുപ്പ് ജാഗ്രത കൂട്ടിയത്.
അതേസമയം, പ്രകൃതി ദുരന്തങ്ങൾ മൂലം പിഎസ്‌സി നിയമനങ്ങൾ വൈകുന്നില്ലെന്ന് പിഎസ്‌സി ചെയർമാൻ എം.കെ സക്കീർ പറഞ്ഞു. മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. പ്രളയമോ കൊവിഡോ മൂലം നിയമനങ്ങൾ നടക്കാതിരിക്കുകയോ വൈകുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.