തിരുവനന്തപുരം: യുഡിഎഫിലും കോൺഗ്രസിലും ഘടനാപരമായ മാറ്റം വേണമെന്ന് ആർ.എസ്.പി. കോൺഗ്രസ് ഇതിന് മുൻകൈ എടുക്കണമെന്നും എൻകെ പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു. കോൺഗ്രസിനുള്ളിൽ അനൈക്യമുണ്ട്. ഇത് പരിഹരിക്കാനാവശ്യമായ നടപടിയെടുത്തില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന് തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുത്തഴിഞ്ഞ ഈ സംവിധാനവുമായി മുന്നോട്ട് പോകാൻ കഴിയില്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് രാഷ്ട്രീയ കാരണങ്ങളെക്കാൾ സംഘടനാ കാര്യങ്ങളാണ് സ്വാധീനിച്ചതെന്നും എന്‍കെ പ്രേമചന്ദ്രന്‍ എംപി കൂട്ടിച്ചേര്‍ത്തു.
ഇക്കാര്യം യുഡിഎഫ് ഗൗരവമായി പരിശോധിക്കണം. നടപടി വെറും പ്രഖ്യാപനം മാത്രമായാൽ ജനങ്ങൾ വിശ്വസിക്കില്ല. ബിജെപിയെയും സിപിഎമ്മിനെയും പോലുള്ള കേഡർ സ്വഭാവമുള്ള പാർട്ടികളെയാണ് നേരിടേണ്ടതെന്ന് കോൺഗ്രസ് ഓർക്കണമെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ ബന്ധം വിവാദമായത് യുഡിഎഫ് നേതാക്കളുടെ വീഴ്ച കൊണ്ടാണെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. നേതാക്കളുടെ ഒഴിവാക്കാവുന്ന ചില പ്രസ്താവനകൾ തിരിച്ചടിയായി. വാളെടുത്തവരെല്ലാം വെളിച്ചപ്പാട് ആകുന്ന സ്ഥിതി കോൺഗ്രസിൽ മാറണം. നേതാക്കൾക്കെതിരെ പരസ്യ പ്രതികരണം നടത്തുന്ന അച്ചടക്കമില്ലായ്മയുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.