തിരുവനന്തപുരം: സംവിധായിക നയന സൂര്യയുടെ മരണം പരിക്ക് മൂലമല്ലെന്നും ഹൃദയാഘാതമാണെന്നുമുള്ള വിലയിരുത്തലില്‍ മെഡിക്കൽ ബോർഡ്. മരണത്തിൽ മെഡിക്കൽ ബോർഡിന്‍റെ അന്തിമ റിപ്പോർട്ട് നിർണായകമാകും. നയന സൂര്യയുടെ മരണത്തിൽ ക്രൈം ബ്രാഞ്ച് നടത്തിയ പുനരന്വേഷണം വിലയിരുത്താൻ മെഡിക്കൽ കോളജിൽ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് കണ്ടെത്തൽ.
നയനയുടെ മരണത്തിൽ മുൻപ് നടന്ന പോസ്‌റ്റ്‌മോർട്ടത്തിൽ മരണ കാരണം ശരീരത്തിനേറ്റ പരിക്കെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ക്രൈം ബ്രാഞ്ചിന്‍റെ പുനരന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മാനസിക രോഗ വിദഗ്‌ധർ ഉൾപ്പെട്ട മെഡിക്കൽ ബോർഡ് യോഗത്തിലാണ് പുതിയ കണ്ടെത്തൽ. ഇനി മെഡിക്കൽ ബോർഡിന്‍റെ അന്തിമ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും തുടരന്വേഷണം.
20 ദിവസങ്ങൾക്കുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കും. മയോകാർഡിയൽ ഇൻഫാർക്ഷനാണ് (ഹൃദയാഘാതം) മരണ കാരണമെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. പതിയെ ഉണ്ടാകുന്ന ഹൃദയഘാതമാണിത്. അതേസമയം മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് കണ്ടെത്താനായിട്ടില്ല. നയനയ്ക്ക് ഒട്ടേറെ മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും ലെനിൻ രാജേന്ദ്രന്‍റെ മരണത്തിന് ശേഷം നയന ഒറ്റപ്പെടൽ അനുഭവിച്ചിരുന്നതായും മെഡിക്കൽ ബോർഡ് വിലയിരുത്തി.
മൂന്ന് വര്‍ഷം മുന്‍പാണ് നയനയെ തിരുവനന്തപുരത്തുള്ള വാടക വീടിനുള്ളില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്നായിരുന്നു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്‌റ്റ്‌മോര്‍ട്ടം പുറത്ത് വന്നതിന് പിന്നാലെയാണ് സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചത്. തുടര്‍ന്നാണ് നയനയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയത്.
ആരോപണങ്ങളുമായി ഫോറന്‍സിക് മോധാവി: നയന സൂര്യയുടെ മരണത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് മുന്‍ ഫോറന്‍സിക് മേധാവി കെ ശശികലയും രംഗത്തെത്തിയിരുന്നു. ആത്മഹത്യ എന്ന് നിഗമനമുള്ള മൊഴി പൊലീസിന് നല്‍കിയിരുന്നില്ലെന്നും കൊലപാതക സാധ്യത എന്നായിരുന്നു തന്‍റെ പ്രാഥമിക നിഗമനമെന്നും തന്‍റേതെന്ന പേരില്‍ പൊലീസ് രേഖപ്പെടുത്തിയ മൊഴിയെ കുറിച്ച് അറിയില്ലെന്നുമായിരുന്നു ശശികല വ്യക്തമാക്കിയത്. നയനയുടെ മരണം കൊലപാതകമാണെന്ന് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഡിജിപി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.
മരണവും ഉയര്‍ന്നു വന്ന ദുരൂഹതകളും: 2019 ഫെബ്രുവരി 23നാണ് നയന സൂര്യയെ ആല്‍ത്തറ ജംഗ്‌ഷനിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നയനയുടെ മരണം ആത്മഹത്യയായി കണക്കാക്കി പൊലീസ് കേസ് അവസാനിപ്പിച്ചെങ്കിലും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബവും സുഹൃത്തുക്കളും രംഗത്തെത്തി. സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍റെ സഹ സംവിധായികയായി പത്ത് വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു നയന സൂര്യ.
ലെനില്‍ രാജേന്ദ്രന്‍റെ മരണത്തിന് പിന്നാലെയാണ് നയനയുടെയും മരണം. വിഷാദ രോഗം അടക്കമുണ്ടായിരുന്ന നയന ജീവനൊടുക്കിയതാകുമെന്നായിരുന്നു പൊലീസ് നിഗമനം. മാത്രമല്ല പ്രമേഹ രോഗിയായിരുന്നു നയനയെന്നും കുഴഞ്ഞ് വീണതാണ് മരണകാരണമെന്നും തുടങ്ങിയ നിഗമനങ്ങളിലായിരുന്നു പൊലീസ്.
എന്നാല്‍ നയനയുടെ കഴുത്തിലും ശരീരത്തിന്‍റെ വിവിധയിടങ്ങളിലും ക്ഷതമുണ്ടെന്നുമാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. സംഭവത്തില്‍ ദൂരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബവും സുഹൃത്തുക്കളും രംഗത്തെത്തിയതോടെ കേസ് പുനരന്വേഷിക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു.
വീണ്ടും അന്വേഷണ തുടക്കം: നയനയുടെ മരണത്തില്‍ കുടുംബവും സുഹൃത്തുക്കളും ദുരൂഹത ആരോപിച്ച് രംഗത്തെത്തിയതോടെ കേസ് അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്‌പിഎസ് മധുസൂദന്‍റെ നേതൃത്വത്തില്‍ 13 പേരടങ്ങുന്ന സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരുന്നത്.