തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ നവകേരള സദസിന്‍റെ പ്രചരണത്തിന്
നെടുമങ്ങാട് ഗവൺമെന്‍റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനികളെ പങ്കെടുപ്പിച്ച് പ്രവർത്തി സമയത്ത് വിളംബര ജാഥ. ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിക്കാണ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രചരണ പരിപാടി നടത്തിയത്(Nava Kerala Sadas Publicity Program). ക്ലാസുകൾ തടസ്സപ്പെടുത്തി കൊണ്ട് കുട്ടികളെ മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി നിർദേശം നിലവിൽ ഇരിക്കെയാണ് നടപടി.
നേരത്തെ കണ്ണൂരിൽ നവ കേരള സദസിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചതിനെയും സ്‌കൂള്‍ ബസ് നവ കേരള സദസിന് വിട്ടുകൊടുക്കുന്നതിനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
അതേ സമയം നവ കേരള സദസിന്‍റെ പ്രചരണാർത്ഥം കുമളിയിൽ സംഘടിപ്പിച്ച കാളയോട്ട മത്സരത്തേ തുടർന്ന് അപകടമുണ്ടായ സാഹചര്യത്തിൽ, സംഘാടകർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകി.ഇവർക്കെതിരെ നടപടി ഉണ്ടാവാത്ത സാഹചര്യത്തിൽ ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ഫ്രാൻസിസ് ആറക്കപറമ്പിൽ പറഞ്ഞു.
മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്‍റെ പ്രചരണാർത്ഥമാണ് കുമളി ടൗണിൽ എട്ടാം തീയതി കാളയോട്ട മത്സരം സംഘടിപ്പിച്ചത്. മത്സരത്തിനിടെ കൂട്ടംതെറ്റിയ കാളകൾ ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറുകയും വാഹനങ്ങൾക്ക് ഉൾപ്പെടെ കേടുപാടുകൾ വരുത്തുകയും ചെയ്തു. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിച്ചുകൊണ്ടാണ് ടൗണിൽ ഇത്തരത്തിലുള്ള പരിപാടികൾ നടത്തിയത്. മുൻകൂർ അനുമതിയോ മുന്നേറിപ്പോ ഇല്ലാതെ നടത്തിയ പരിപാടിയിൽ പോലീസും മറ്റ് അധികൃതരും കൂട്ടുനിന്നു. സംഭവത്തിൽ സംഘാടകർക്കെതിരെയും, മൗനം സമ്മതം നൽകിയ വകുപ്പ് അധികൃതർക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നാണ് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം ആവശ്യപ്പെടുന്നത്.