തിരുവനന്തപുരം: കളമശ്ശേരി ബോംബ് സ്‌ഫോടനം അങ്ങേയറ്റം അപലപനീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ (MV Govindan on Kalamassery Blast Controversy). സ്‌ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ വർഗീയമായ ധ്രുവീകരണം സൃഷ്‌ടിക്കാൻ ചില ശക്തികൾ ശ്രമിച്ചെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം എ കെ ജി സെന്‍ററിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
കളമശ്ശേരി സ്‌ഫോടനത്തിന് പലസ്‌തീൻ വിഷയവുമായി ബന്ധമുണ്ടോയെന്നും ഭീകര പ്രവർത്തനമാണോയെന്ന് പരിശോധിക്കണമെന്നും നേരത്തെ എം വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. സ്‌ഫോടനം നടന്നതിന്‍റെ പിന്നാലെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി എന്ന നിലയിൽ താൻ നൽകിയ പ്രസ്‌താവന ചിലർ വളച്ചൊടിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം തന്‍റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും വ്യക്തമാക്കി. സീതാറാം യെച്ചൂരി തന്‍റെ നിലപാടുകളെ തള്ളിയെന്നത് വസ്‌തുത വിരുദ്ധമായ വാർത്തയെന്നും അദ്ദേഹം പറഞ്ഞു.
കളമശ്ശേരി സംഭവം നടക്കുമ്പോൾ ഡൽഹിയിൽ സെൻട്രൽ കമ്മിറ്റി യോഗത്തിലായിരുന്നു. ഡൽഹിയിൽ എ കെ ജി സെന്‍ററിൽ സത്യഗ്രഹത്തിന് പോകുന്ന വഴിയിലാണ് മാധ്യമങ്ങളെ കാണുന്നത്- അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി അടിയന്തരമായി സർവകക്ഷി യോഗം വിളിച്ചുവെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി വർഗീയ ധ്രുവീകരണം ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ചിലർ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടി.
അഭിമാനകരമായ നിലപാടാണ് കേരളം കൈക്കൊണ്ടത്. എന്നാൽ രാജീവ് ചന്ദ്രശേഖറിന്‍റെ പ്രസ്‌താവന അപലപനീയമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കേന്ദ്ര മന്ത്രി എന്ന നിലയിൽ നിരുത്തരവാദിത്തപരമായ പ്രസ്‌താവനയാണ് രാജീവ് ചന്ദ്രശേഖർ നടത്തിയത്. വർഗീയ ധ്രുവീകരണം മാത്രം ലക്ഷ്യമിട്ടുള്ള പ്രസ്‌താവനയാണ് കേന്ദ്ര മന്ത്രിയുടേത്.
കേരളത്തിന്‍റെ സാമൂഹിക വികസനത്തിൽ ഒരു പങ്കുമില്ലാത്ത സംഘടനയാണ് ആർ എസ് എസ് എന്നും കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന നിലപാടാണ് കേന്ദ്ര മന്ത്രി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. വർഗീയതയെ താലോലിക്കുന്ന നിലപാട് സർക്കാരിനോ പാർട്ടിക്കോ ഇല്ല. കെ പി സി സി യുടെ സൈബർ സെൽ എനിക്കെതിരെ കേസ് കൊടുത്തു. കേസ് നിയമപരമായി നേരിടും.
രാജീവ് ചന്ദ്രശേഖറിനെതിരെ കേസ് കൊടുക്കാതെ തനിക്കെതിരെ കേസ് കൊടുത്തത് ഇവർ തമ്മിലുള്ള ചങ്ങാത്തം വ്യക്തമാക്കുന്നു. രാജീവ് ചന്ദ്രശേഖർ മണിപ്പൂർ ഇതുവരെ സന്ദർശിച്ചിട്ടില്ല. ഏത് വിഭാഗീയ നിലപാടുകളെയും പാർട്ടിയും സർക്കാരും തള്ളുന്നുവെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.