എറണാകുളം : മോന്‍സണ്‍ മാവുങ്കലിന്‍റെ പോക്‌സോ കേസില്‍ കെ സുധാകരനെതിരായ വിവാദ പ്രസ്‌താവനയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ക്രൈംബ്രാഞ്ചിന്‍റെ ക്ലീൻ ചിറ്റ്. കേസിൽ പ്രാഥമിക അന്വേഷണം അനസാനിപ്പിച്ച് ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. എം വി ഗോവിന്ദൻ്റെ പ്രസ്‌താവന കലാപാഹ്വാനമല്ലെന്നും ഈ വകുപ്പിൽ കേസെടുക്കാനുള്ള വസ്‌തുതകൾ പരാതിയിൽ ഇല്ലെന്നുമാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിലുള്ളത്.
ഇത്തരമൊരു പ്രസ്‌താവനയെ തുടർന്ന് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈ വാർത്ത റിപ്പോർട്ട് ചെയ്‌ത മാധ്യമ പ്രവർത്തകർക്ക് ഉൾപ്പടെ ഇതൊരു കലാപാഹ്വാനമായി അഭിപ്രായമില്ലെന്നും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. പൊതുപ്രവർത്തകൻ പായ്‌ച്ചിറ നവാസിന്‍റെ പരാതിയിലാണ് ക്രൈബ്രാഞ്ച് അന്വേഷണം നടത്തിയത്.
സംഭവത്തിൽ പരാതിക്കാരൻ നവാസിന്‍റെ മൊഴിയുൾപ്പെടെ ക്രൈംബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു. എറണാകുളം ക്രൈംബ്രാഞ്ച് എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന് ബന്ധമുണ്ടെന്ന രീതിയിലായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പരാമർശിച്ചത്.
എം വി ഗോവിന്ദന്‍റെ പ്രസ്‌താവന : എറണാകുളം പോക്‌സോ കോടതി വിചാരണ നടത്തി മരണം വരെ ജയിൽ വാസത്തിന് ശിക്ഷിച്ച മോന്‍സണ്‍ മാവുങ്കൽ പെൺകുട്ടിയെ പീഡിപ്പിച്ച സമയം കെ സുധാകരൻ ആ വീട്ടിൽ ഉണ്ടായിരുന്നതായി പെൺകുട്ടിയുടെ മൊഴിയിലുണ്ടെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി വിവാദ പ്രസ്‌താവന നടത്തിയത്. വിഷയത്തിൽ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് ഉടൻ വിളിപ്പിക്കുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തിരുന്നു. എന്നാൽ എം വി ഗോവിന്ദന്‍റെ ഈ ആരോപണം ക്രൈംബ്രാഞ്ച് തള്ളി.
മോന്‍സണ്‍ പ്രതിയായ പുരാവസ്‌തു തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയായ കെ സുധാകരനെ പോക്‌സോ കേസിലും സംശയത്തിന്‍റെ നിഴലിൽ നിർത്തി നടത്തിയ പ്രസ്‌താവന പിന്നീട് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ദേശാഭിമാനി പത്രത്തിൽ വന്ന ഒരു വാർത്തയെ അടിസ്ഥാനമാക്കിയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോൺഗ്രസ് അധ്യക്ഷനെതിരെ ആരോപണം ഉന്നയിച്ചത്.
ഗൂഢാലോചനയെന്ന് ടി യു രാധാകൃഷ്‌ണൻ : അതേസമയം കേസിൽ കെ സുധാകരന്‍റെ പേര് വലിച്ചിഴച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്‌ണൻ ആരോപിച്ചിരുന്നു. എം വി ഗോവിന്ദനെതിരെ കെപിസിസി ആസ്ഥാനത്ത് മൊഴി നൽകി മടങ്ങുമ്പോഴായിരുന്നു രാധാകൃഷ്‌ണൻ പരാമർശം നടത്തിയത്. നാർകോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കെപിസിസി ആസ്ഥാനത്ത് മൊഴി രേഖപ്പെടുത്തിയത്. ദേശാഭിമാനി എക്കാലത്തും ഇത്തരത്തിൽ ചെയ്യുന്നതാണെന്നും ചാരക്കേസിന്‍റെ കാലത്തും ഇത്തരത്തിൽ കള്ള പ്രചരണം നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.