തിരുവനന്തപുരം: ജനങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ രാജ്യത്തിന് ബാധ്യതയാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കോര്‍പ്പറേറ്റ് സാമ്പത്തിക നയങ്ങള്‍ക്കുള്ള (Corporate Finance Policy) ആഹ്വാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ (MV Govindan About Prime Minister). രാജ്യം എന്നത് ആ നാട്ടിലെ ജനങ്ങളാണെന്ന ബോധ്യമാണ് ഏത് ഭരണാധികാരിയേയും നയിക്കേണ്ടത്.
ജനക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതികള്‍ ആസൂത്രണം ചെയ്യുകയെന്നതാണ് ഒരു സര്‍ക്കാരിന്‍റെ പ്രാഥമികമായ ഉത്തരവാദിത്വം. സാമൂഹ്യവും - സാമ്പത്തികവുമായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിന് പ്രത്യേക പരിഗണന നല്‍കുകയെന്നതും ഏറ്റവും പ്രധാനമാണ്. സമത്വമെന്ന ആശയമാവണം ഏത് ഭരണാധികാരിയേയും നയിക്കേണ്ടത്. അതില്‍ നിന്നുള്ള പരസ്യമായ പിന്മാറ്റമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്നും എം.വി.ഗോവിന്ദന്‍ പ്രസ്‌താവനയില്‍ ആരോപിച്ചു.
അംബാനിക്കും, അദാനിക്കും വേണ്ടി നടപ്പിലാക്കുന്ന നയങ്ങള്‍ രാജ്യത്ത് വന്‍തോതിലുള്ള അസമത്വമാണ് സൃഷ്‌ടിക്കുന്നത്. ഈ അസമത്വം പോലും ജനങ്ങളറിയാതിരിക്കുന്നതിന് കണക്കുകള്‍ പോലും യഥാസമയം പ്രസിദ്ധീകരിക്കാതെ മുന്നോട്ടുപോകുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത്തരം നയങ്ങള്‍ക്കെതിരെ എല്ലാ മേഖലയിലും ശക്തമായ പ്രക്ഷോഭങ്ങള്‍ വളര്‍ന്നുവരികയാണ്. ഈ പ്രക്ഷോഭത്തെ ദുര്‍ബലപ്പെടുത്താനാണ് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ രാജ്യവ്യാപകമായി സൃഷ്‌ടിക്കുന്നത്.
രാജ്യത്തിന്‍റെ വികസനമെന്നത് കോര്‍പ്പറേറ്റ് വികസനമാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് എം.വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.
സെപ്‌റ്റംബര്‍ 11 മുതല്‍ സമരവുമായി സിപിഎം: സംസ്ഥാന സര്‍ക്കാറിന് മേല്‍ സാമ്പത്തിക ഉപരോധം തീര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സമരം പ്രഖ്യാപിച്ച് സിപിഎം. സെപ്‌റ്റംബര്‍ 11 മുതല്‍ ഒരാഴ്‌ച ദേശവ്യാപകമായി സമരം നടത്താനാണ് സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാറിന്‍റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും യുഡിഎഫിന്‍റെ നിലപാടുകള്‍ക്കെതിരെയുമാണ് സമരം പ്രഖ്യാപിച്ചതെന്നും കേന്ദ്ര സര്‍ക്കാറും കേരളത്തിലെ പ്രതിപക്ഷവും തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ നടപടിയെടുക്കുന്നില്ലെന്നും പകരം സിപിഎമ്മിനെ കുറ്റപ്പെടുത്തുകയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
സംസ്ഥാനം നേരിടുന്ന വിലക്കയറ്റം, തൊഴിലില്ലായ്‌മ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാറിന്‍റെയോ പ്രതിപക്ഷത്തിന്‍റെയോ ഭാഗത്ത് നിന്ന് യാതൊരുവിധ സഹായവും ലഭിച്ചിട്ടില്ലെന്നും മറിച്ച് സര്‍ക്കാറിനെ കുറ്റപ്പെടുത്താനാണ് ശ്രമമുണ്ടായതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കേന്ദ്രത്തിന്‍റെ ചില നയങ്ങള്‍ കാരണം കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാറും പ്രതിപക്ഷവും തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ പറഞ്ഞ തിയതിയില്‍ പ്രതിപക്ഷം സ്ഥലത്തെത്തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജിഎസ്‌ടി നഷ്‌ടപരിഹാരം നിര്‍ത്തലാക്കല്‍, കേന്ദ്ര നികുതിയില്‍ നിന്നുള്ള സംസ്ഥാനത്തിന്‍റെ വിഹിതം വെട്ടി കുറയ്‌ക്കല്‍ തുടങ്ങിയ കേന്ദ്ര നടപടികള്‍ സംസ്ഥാന സര്‍ക്കാറിനെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. ഇത്തരം കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെയുള്ള പോരാട്ടമാണ് സമരമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: കേന്ദ്രത്തിന്‍റെ സാമ്പത്തിക ഉപരോധം; സെപ്‌റ്റംബര്‍ 11 മുതല്‍ സമരവുമായി സിപിഎം
ALSO READ: 'മിത്ത് വിവാദത്തില്‍ മലക്കംമറിഞ്ഞ എംവി ഗോവിന്ദന്‍ സ്‌പീക്കറിനെ കൂടി തിരുത്തണം'; കെ സുധാകരന്‍