തിരുവനന്തപുരം : മുട്ടിൽ മരം മുറി കേസില്‍ പ്രതികളും മുൻ റവന്യൂ, വനം മന്ത്രിമാരും ഗൂഢാലോചന നടത്തിയാണ് ഉത്തരവിറക്കിയതെന്ന് വി.ഡി സതീശൻ. കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഉണ്ടായതിന് പിന്നാലെയാണ് പ്രതിപക്ഷനേതാവിന്‍റെ പ്രതികരണം.
'പ്രതികൾ സർക്കാരിനെ ബ്ലാക്ക് മെയിൽ ചെയ്യുന്നു'
പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ച കാര്യങ്ങളാണ് ഹൈക്കോടതി ഇപ്പോൾ പറഞ്ഞത്. പ്രതികൾ എവിടെയാണെന്ന് സർക്കാരിന് അറിയാം. ഇവരെ സർക്കാർ ഭയപ്പെടുന്നു. പ്രതികൾ സർക്കാരിനെ ബ്ലാക്ക് മെയിൽ ചെയ്യുന്നുവെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
പട്ടയഭൂമിയിലെ മരം മുറിക്കുന്നതിന് അനുവാദം നൽകിയ സർക്കാർ ഉത്തരവിൽ തിങ്കളാഴ്ചയാണ് ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചത്. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് വിമര്‍ശനം. മരം മുറിക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് നിലവിലെ നിയമങ്ങൾ മറികടന്നുള്ളതാണ്.
'ഈട്ടി മരങ്ങൾ സർക്കാരിന്‍റേതെന്ന് രേഖകള്‍'
മുട്ടിലിൽ മുറിച്ച മരങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ളതാണ്. രേഖകൾ പ്രകാരം പട്ടയം അനുവദിച്ചപ്പോൾ അതിൽ ഈട്ടി മരങ്ങൾ സർക്കാരിന്‍റേതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് മുറിക്കാനാണ് നിലവിലെ നിയമം മറികടന്ന് സർക്കാർ ഉത്തരവിറക്കിയത്.
പ്രതികളുടെ ജാമ്യാപേക്ഷയിൽ കൂടുതൽ കാര്യങ്ങളിലേക്ക് കടക്കുന്നില്ലന്നും കോടതി പറഞ്ഞു. പ്രതികൾ സർക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് മരം മുറിച്ചത്. വില്ലേജ് ഓഫിസർ പ്രതികളുടെ താളത്തിനൊത്ത് തുള്ളിയെന്നും കോടതി വിമർശിച്ചു. മരം മുറിക്കാൻ പ്രതികൾ രേഖകളിൽ കൃത്രിമം കാണിച്ചു.
പതിനായിരം ക്യൂബിക് മീറ്റർ ഈട്ടിത്തടി നൽകാമെന്ന് പ്രതികൾ വിൽപ്പനക്കാരുമായി കരാർ ഉണ്ടാക്കിയിരുന്നു. ഇത്രയധികം ഈട്ടിത്തടികൾ പ്രതികൾ എങ്ങനെ സംഘടിപ്പിക്കുമെന്ന സംശയവും കോടതി ഉന്നയിച്ചു. പ്രതികളുടെ കൈകൾ ശുദ്ധമല്ലെന്നും കോടതി നിരീക്ഷിച്ചു.
ALSO READ: ആശുപത്രിയിൽ നിന്ന് കാണാതായ വയോധികന്‍റെ മൃതദേഹം തോട്ടിൽ