തിരുവനന്തപുരം: അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ നിര്‍മാണ കേന്ദ്രത്തിന് സമീപം മത്സ്യബന്ധന ബോട്ടുകൾ അപകടത്തില്‍ പെടുന്നത് തുടര്‍ക്കഥയാകുന്നു. അന്‍പതോാളം പേരാണ് പൊഴിമുഖത്ത് നടന്ന അപകടങ്ങളില്‍ ഇതുവരെ മരണപ്പെട്ടത്. അശാസ്ത്രീയമായ പുലിമുട്ട് നിര്‍മാണമാണ് അപകടങ്ങള്‍ക്ക് കാരണമെന്നാണ് ആരോപണം. പുലിമുട്ട് നിര്മാണത്തിന്റെ ഭാഗമായി കടലില്‍ നിക്ഷേപിച്ചിരിക്കുന്ന കല്ലുകള്‍ മാറ്റി, ഒഴുക്ക് സാധാരണമാക്കി മത്സ്യബന്ധനം സുഗമം ആക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
കഴിഞ്ഞ ആഴ്ച നടന്ന ബോട്ടപകടത്തില്‍ മരണപ്പെട്ട റോക്കി ബെഞ്ചമിനോസ്, ലാസര്‍ തോമസ് എന്നിവരടക്കം 50തോളം പേർക്കാണ് പൊഴിമുഖത്ത് ഇതുവരെ ജീവന്‍ നഷടമായത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 70 ഓളം വള്ളങ്ങള്‍ മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. രണ്ട് പുലിമുട്ടുകള്‍ തമ്മിലുള്ള അകലത്തില്‍ കുറവും അധികമായി മണല്‍ അടിയുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
മണല്‍തിട്ട, കരിങ്കല്‍ എന്നിവയില്‍ ബോട്ട് ഇടിച്ചുമാണ് അപകടങ്ങള്‍ അധികവും ഉണ്ടാകാൻ കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. അപകടകരമായി പുലിമുട്ടിൽ നിക്ഷേപിച്ചിരുന്ന കൂറ്റന്‍ കരിങ്കല്ലുകളും, മണല്‍തിട്ടയും നീക്കാന്‍ മത്സ്യബന്ധന തുറമുഖ നിര്‍മാണ ചുമതലയുള്ള അദാനി ഗ്രൂപ്പ് ഡ്രജിങ് നടത്തിയെങ്കിലും പൂര്‍ത്തിയായില്ല.