തിരുവനന്തപുരം: ആത്മീയതയുടെയും സംസ്കാരത്തിന്റെയും കേന്ദ്രമായി തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം. ആറു വർഷത്തിലൊരിക്കൽ നടക്കുന്ന മുറജപവും 1927 ന് ശേഷം ആദ്യമായി നടക്കുന്ന ജലജപവും ആരംഭിച്ചു. ഇതോടെ ഋഗ്, യജുർ, സാമ വേദമന്ത്രങ്ങളാൽ ക്ഷേത്രാന്തരീക്ഷം മുഖരിതമായി.
മുറജപത്തോടനുബന്ധിച്ച് ദേശീയ തലത്തിലുള്ള പണ്ഡിതന്മാരുടെ വേദിക് സെമിനാർ സംഘടിപ്പിക്കുമെന്ന് ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസർ വി. രതീശൻ പറഞ്ഞു. 1947 ൽ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ആരംഭിച്ച മുറജപത്തിനായി ഭക്തരുടെ പ്രവാഹം തുടരുകയാണ്.
എല്ലാ ദിവസവും ക്ഷേത്രനടയിൽ ശാസ്ത്രീയ-നൃത്ത-സംഗീത പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. പ്രമുഖരാണ് ഓരോ ദിവസത്തെയും കലാപരിപാടികൾ അവതരിപ്പിക്കുന്നത്. നാടിന്റെ സമൃദ്ധിയും രക്ഷയുമാണ് മുറജപവും ജലജപവും നൽകുന്നതെന്നാണ് വിശ്വാസം.