തിരുവനന്തപുരം: മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചിരുന്ന കൺസ്യൂമർ ഫെഡിന്‍റെ മദ്യവിൽപനശാല ആറ്റിങ്ങൽ നഗരസഭ പൂട്ടിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപിന്‍റെ നേതൃത്വത്തിലാണ് പൂട്ടിച്ചത്.
കോവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിരുന്ന പ്രാഥമിക ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കാതെയാണ് മദ്യവിൽപനശാല പ്രവർത്തിച്ചിരുന്നത്. പ്രീമിയം കൗണ്ടറുകൾ ഉൾപ്പടെ 4 ൽ അധികം കൗണ്ടറുകളുണ്ടായിരുന്നു.
ജാഗ്രത നിർദേശങ്ങൾ നടപ്പിലാക്കിയ ശേഷം നഗരസഭാ ആരോഗ്യ വിഭാഗത്തിന്‍റെ അനുമതിയോടെ സ്ഥാപനം തുറക്കാം. നഗരസഭ ആരോഗ്യ വിഭാഗം ഹെൽത്ത് സൂപ്പർവൈസർ അജയകുമാർ, ഹെൽത്ത് ഇൻസ്പെക്‌ടർ മനോജ് എന്നിവരടങ്ങിയ സ്‌ക്വാഡാണ് പരിശോധന നടത്തിയത്.