തിരുവനന്തപുരം : കെ.സുധാകരന്‍റെയും വി.ഡി. സതീശന്‍റെയും കടന്നുവരവോടെ കലുഷിതമായ സംസ്ഥാന കോണ്‍ഗ്രസില്‍ തീയും പുകയും അടങ്ങുന്നില്ല. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗത്വം രാജിവച്ച് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയ വിഎം സുധീരന്‍ എ.ഐ.സി.സി അംഗത്വം കൂടി രാജിവച്ചതോടെ ഹൈക്കമാന്‍ഡും സമ്മര്‍ദത്തിലായിരിക്കുകയാണ്.
കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്‍റെ കേരള സന്ദര്‍ശന വേള സുധീരന്‍ രാജിക്കായി തെരഞ്ഞെടുത്തതില്‍ സംസ്ഥാന, അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ അമര്‍ഷത്തിലാണ്. പുതിയ നേതൃത്വത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ നീറിപ്പുകയുന്ന, അതൃപ്‌തി കടിച്ചുപിടിച്ച് മുന്നോട്ടുനീങ്ങിയ മുന്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് നിയന്ത്രണം വിട്ട് പരസ്യമായി പൊട്ടിത്തെറിച്ചതും ശ്രദ്ധേയമാണ്.
'കെ.പി.സി.സി പ്രസിഡന്‍റിനെ കാണാന്‍ സ്ലോട്ട് എടുത്തു കാത്തിരിക്കേണ്ട ഗതികേട് ഇല്ല'
കെ.പി.സി.സി പ്രസിഡന്‍റിനെ കാണാന്‍ സ്ലോട്ട് എടുത്ത് കാത്തിരിക്കേണ്ട ഗതികേട് തനിക്കില്ലെന്നും അങ്ങനെവന്നാല്‍ അവസാനം പോകുന്ന ആള്‍ താനായിരിക്കുമെന്നും താരിഖ് അന്‍വറിന്‍റെ സാന്നിദ്ധ്യത്തില്‍ മുല്ലപ്പള്ളി സുധാകരനെതിരെ ആഞ്ഞടിച്ചു. ഡി.സി.സി, കെ.പി.സി.സി പുനസംഘടനയുമായി ബന്ധപ്പെട്ട് ഇടഞ്ഞുനില്‍ക്കുന്ന മുല്ലപ്പള്ളിയെ അനുനയിപ്പിക്കാനെത്തിയതായിരുന്നു താരിഖ് അന്‍വര്‍.
'സംസ്ഥാന നേതൃത്വം മാന്യത കാട്ടിയില്ല'
അടച്ചിട്ട മുറിയില്‍വച്ച് നടന്ന ചര്‍ച്ചയിലും മുല്ലപ്പള്ളി വികാരാധീനനായി. സംസ്ഥാന നേതൃത്വം മാന്യത കാട്ടിയില്ലെന്ന് മുല്ലപ്പള്ളി താരിഖ് അന്‍വറിനോട് പറഞ്ഞു. മുന്‍ അദ്ധ്യക്ഷന്‍ എന്ന പരിഗണന കാട്ടിയില്ല. തന്‍റെ കാലത്ത് കൂടിയാലോചനകള്‍ ഇല്ലെന്ന് അട്ടഹസിച്ചവര്‍ നേതൃത്വത്തിലെത്തിയപ്പോള്‍ എന്ത് കൂടിയാലോചനകളാണ് നടത്തിയതെന്ന് മുല്ലപ്പള്ളി താരിഖ് അന്‍വറിനോട് ചോദിച്ചു. നയപരമായ കാര്യങ്ങളിലെങ്കിലും കൂടിക്കാഴ്ച ഉറപ്പാക്കണമെന്ന് മുല്ലപ്പള്ളി താരിഖിനോട് ആവശ്യപ്പെട്ടു.
അതേസമയം അനുനയിപ്പിച്ച് രാഷ്ട്രീയ കാര്യസമിതിയിലേക്ക് തിരികെയെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ സുധീരന്‍ എ.ഐ.സി.സി അംഗത്വവും കൂടി രാജിവച്ചതില്‍ ഹൈക്കമാന്‍ഡ് തികഞ്ഞ അതൃപ്തിയിലാണെന്നാണ് സൂചന. തല്‍ക്കാലം അനുനയ നീക്കവുമായി സുധീരന്‍റെ അടുത്തേക്ക് പോകേണ്ടെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്.