തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് എതിരായ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പരാമർശത്തില്‍ പതറിയ കോൺഗ്രസ്- യുഡിഎഫ് നേതൃത്വം പ്രവാസി വിഷയം വീണ്ടുമുയര്‍ത്തി പ്രക്ഷോഭ രംഗത്ത് സജീവമാകുന്നു. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്‍റെ നേതൃത്വത്തില്‍ പ്രവാസി വിഷയത്തില്‍ സർക്കാരിനെതിരെ തുറന്ന സമരപ്രഖ്യാപനവുമായി സെക്രട്ടേറിയറ്റിന് മുന്നില്‍ മുസ്ലീം ലീഗ് എംഎല്‍എമാര്‍ നടത്തിയ ധര്‍ണ ഇതിന്‍റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. ഈ മാസം 24 വരെ മടങ്ങി വരുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും പ്രശ്‌നം അവസാനിക്കില്ലെന്ന കണക്കു കൂട്ടലിലാണ് കോണ്‍ഗ്രസ്- യുഡിഎഫ് നേതൃത്വം.
ജൂൺ 24ന് ശേഷം പ്രവാസി വിഷയമുയര്‍ത്തി സംസ്ഥാനത്ത് പ്രക്ഷോഭം കടുപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. തികച്ചും അനുകൂലമായ അവസരം മുല്ലപ്പള്ളിയുടെ ഒറ്റ പ്രസ്താവനയിലൂടെ നഷ്ടമായെന്ന പൊതു വികാരമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുള്ളത്. പക്ഷേ മുല്ലപ്പള്ളിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കേണ്ടെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും തീരുമാനം. ഇരു നേതാക്കളും ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു.
കഴിഞ്ഞ ദിവസം മുല്ലപ്പള്ളിയുടെ പ്രസ്താവന അനവസരത്തിലാണെന്ന് ലീഗ് നേതൃത്വം പ്രതികരിച്ചെങ്കിലും ഇന്ന് നടത്തിയ പ്രതിഷേധത്തിനിടെ അവർ നിലപാട് മയപ്പെടുത്തി. സംഭവം അടഞ്ഞ അധ്യായമാണെന്ന് സമരത്തിനിടെ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത് ഇതിന് തെളിവാണ്. അമിത വൈദ്യുതി ബില്ലിനെതിരായ പ്രതിഷേധം യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ചെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. ഈ സാഹചര്യം ഒന്നു കൂടി ഉറപ്പിക്കാമെന്ന കണക്ക് കൂട്ടലിലാണ് പ്രവാസി വിഷയം വീണ്ടും ഉയർത്തി പ്രത്യക്ഷ സമരത്തിന് യുഡിഎഫ് തയ്യാറാകുന്നത്. എന്നാല്‍ ആദ്യ ദിനത്തിലെ മുല്ലപ്പള്ളിയുടെ പ്രസ്താവനയോടെ ഈ ലക്ഷ്യം പാളി. പക്ഷേ ഇതിന്‍റെ പേരില്‍ കെപിസിസി പ്രസിഡന്‍റിനെ കയ്യൊഴിഞ്ഞാല്‍ മുഖ്യമന്ത്രിക്കും എല്‍ഡിഎഫിനും മേല്‍ക്കൈ ലഭിക്കുമെന്ന് യുഡിഎഫ് വിലയിരുത്തുന്നു. മുല്ലപ്പള്ളിയെ സംരക്ഷിക്കാനും പ്രവാസി വിഷയം വീണ്ടും സജീവമാക്കാനും യുഡിഎഫ് തീരുമാനിച്ചത് ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ്. ഒക്‌ടോബറില്‍ നടക്കാനിരിക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പ്രവാസി വിഷയം മുഖ്യ പ്രചാരണ ആയുധമാക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്.